പാപനാശം ബീച്ചിൽ മാലിന്യ നാശം !!

വർക്കല:മാലിന്യ സംസ്ക്കരണം കീറാമുട്ടിയായി മാറുന്ന വർക്കല പാപനാശം ബീച്ചിൽ മാലിന്യം വലിച്ചെറിയൽ വ്യാപകമായിട്ടുണ്ട്. കുന്നിൻമുകളിൽ നിന്നും തീരഭാഗത്തേക്ക് പ്ലാസ്റ്റിക് അടക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങളും മദ്യക്കുപ്പികളും വലിച്ചെറിയുന്ന പതിവ് പരിപാടിക്ക് പുറമെ ശുദ്ധജലം പ്രവഹിക്കുന്ന പാപനാശം തീരത്തെ ഓവിനു സമീപവും ബലിമണ്ഡപത്തിനു സമീപവും ഇവിടുത്തെ കുന്നിൻ മുകളിലും മാലിന്യങ്ങൾ തള്ളുന്നതും പതിവായിട്ടുണ്ട്.

വർക്കല പാപനാശത്തിന്റെ പേര് ഇല്ലാതാക്കുന്ന തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ നഗരസഭ അധികൃതർക്ക് കഴിയുന്നില്ല. ഓരോ സീസണിലും മുന്നോടിയായി നഗരസഭ തലത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി പ്രശ്നം സജീവമായി ചർച്ച ചെയ്യുന്നതൊഴിച്ചാൽ പിന്നെ കാര്യങ്ങൾ തോന്നുംപടിയാണ്.

കനാലിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുകൾ പെറ്റുപെരുകുകയും ചെയ്യുന്നു. മഴക്കാലത്തിനു മുൻപ് മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ കാര്യക്ഷമമായി നടത്തിയില്ലെങ്കിൽ ചിക്കൻഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളെ ക്ഷണിച്ചു വരുത്താനുളള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. മാലിന്യങ്ങൾ കൂടുതലായി കൊണ്ടുവന്നു തള്ളുന്ന പാപനാശം മേഖല ഉൾപ്പെടെയുളള പ്രദേശങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് നഗരസഭ ആരോഗ്യ വിഭാഗം മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നാണ് പൊതു അഭിപ്രായം.