വീട്ടമ്മയുടെ ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി: സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

പാങ്ങോട് : വീട്ടമ്മയുടെ ചിത്രം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. പാങ്ങോട് മാമ്പഴവിളവീട്ടിൽ സുജിത്തി(29)നെയാണ് പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: സുജിത്ത് ഡ്രൈവറായ ബസിലാണ് വീട്ടമ്മയുടെ മക്കൾ സ്കൂളിൽ പോയിരുന്നത്. ഇതിനിടെ വീട്ടമ്മയുമായി സൗഹൃദം നടിച്ച ഇയാൾ വീട്ടിലെത്തി ചിത്രം പകർത്തുകയും ചെയ്തു. ഭർത്താവ് വിദേശത്തായിരുന്ന വീട്ടമ്മയിൽനിന്നു പല തവണയായി ഇരുപത് പവൻ ആഭരണങ്ങളും മൂന്നുലക്ഷം രൂപയും കൈക്കലാക്കുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ ചിത്രം സമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി.

തുടർന്നാണ്‌ വീട്ടമ്മ വിവരം ബന്ധുക്കളെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തത്. പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. സുലൈമാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, ജാഫർ, നിസാർ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്