പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിൽ വൻ സുരക്ഷാവീഴ്ച: പോലീസുകാരന്റെ തോക്കിൽ നിന്ന് വെടിപൊട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വന്‍ സുരക്ഷാ വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൺവെൻഷനിൽ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി. എന്‍.ഡി.എ റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അല്‍പ്പ സമയത്തിനുള്ളില്‍ എത്തിച്ചേരും. ഇതിനിടയിലാണ് ആശങ്ക പടർത്തി വെടിശബ്ദം കേട്ടത്. വേദിയുടെ സമീപത്ത് സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് അദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്.

അന്വേഷണത്തിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ബോധ്യമായതിനെ തുടർന്ന് പോലീസുകാരനെ സുരക്ഷാ ഡ്യൂട്ടിയിൽ നിന്നും മാറ്റി. കൊല്ലം എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് അബദ്ധം സംഭവിച്ചത്. പ്രത്യേക വിമാനത്തില്‍ അൽപസമയത്തിനകം തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പ്രധാനമന്ത്രി എൻ.ഡി.എ കൺവെൻഷൻ വേദിയെ അഭിസംബോധന ചെയ്യും. തിരുവനന്തപരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ  സ്ഥാനാർത്ഥികളും പ്രവര്‍ത്തകരും കൺവെൻഷനിൽ പങ്കെടുക്കും.