ജനമൈത്രി പോലീസ് സ്റ്റേഷനിലേക്ക് ജനങ്ങൾ പോകേണ്ടത് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ… .

വിതുര: പൊൻമുടി- തിരുവനന്തപുരം സംസ്ഥാനപാതയിൽ നിന്നും വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി മാറി. വിതുര ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിലേക്കും എത്തണമെങ്കിൽ ഇൗ റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്. രണ്ട് പ്രധാനപ്പെട്ട ഒാഫീസുകളിലേക്ക് എത്തേണ്ട പ്രധാന റോഡ് തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് രണ്ട് വർഷമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. റോഡിന്റെ തകർച്ചമൂലം പൊലീസുകാർ ബുദ്ധിമുട്ടിലാണ്. അനവധി തവണ തൊഴിലുറപ്പ് തൊഴിലാളികളും റസിഡന്റ്സ് അസോസിയേഷനും ചേർന്ന് കുഴികളിൽ മണ്ണും കല്ലും വെട്ടിയിട്ട് നികത്തിയിട്ടുണ്ട്. ഗട്ടർ നിറഞ്ഞുകിടന്ന സമീപത്തെ മറ്റ് റോഡുകൾ ഗതാഗത യോഗ്യമാക്കിയപ്പോൾ പൊലീസ് സ്റ്റേഷൻ റോഡിനെ മാത്രം അവഗണിക്കുകയായിരുന്നു. ടാറിംഗ് നടത്തുവാൻ ഫണ്ട് കുറവാണെങ്കിൽ കോൺഗ്രീറ്റെങ്കിലും ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മഴ കൂടി എത്തിയാൽ റോഡ് വീണ്ടും കുളമാകും. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ റസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും നിവേദനം നൽകിയിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും ആറ് മാസം പിന്നിട്ടിട്ടും അനക്കമില്ലെന്ന് പരാതിയുണ്ട്.