പരാധീനതകൾക്ക് നടുവിൽ ഈ പോളിംഗ് ബൂത്തുകൾ

നെടുമങ്ങാട്: അസൗകര്യങ്ങൾക്ക് നടുവിൽ പോളിംഗ് ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തി. ആദിവാസി, തോട്ടം മേഖലകൾ ഉൾപ്പെടുന്ന നെടുമങ്ങാട്, അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ വൈദ്യുതി തടസമുണ്ട്. ബൂത്തുകളുടെ ക്രമീകരണത്തിന് അടുത്തുള്ള വീടുകളിൽ നിന്ന് എമർജെൻസി ലൈറ്റുകളെയാണ് ആശ്രയിച്ചത്. മെഴുകുതിരി വെട്ടത്തിൽ ബൂത്ത് സജ്ജമാക്കിയവരുമുണ്ട്. പെരിങ്ങമ്മല, കുറ്റിച്ചൽ, പാങ്ങോട്, വിതുര, ആര്യനാട് പഞ്ചായത്തുകളിലാണ് ബൂത്ത് ക്രമീകരണം ഉദ്യോഗസ്ഥരെ വലച്ചത്. രാത്രി ഇവർക്ക് താമസിക്കാനും പോളിംഗ് സാമഗ്രികൾ സൂക്ഷിക്കാനും നാട്ടുകാരുടെ സഹായമുണ്ടായിരുന്നു. പ്രാഥമിക കൃത്യനിർവഹണത്തിനും മറ്റും സമീപത്തെ വീടുകളെ ആശ്രയിക്കേണ്ടി വന്നു. 632 പോളിംഗ് ഓഫീസർമാരടക്കം 2528 ഉദ്യോഗസ്ഥർ മൂന്ന് മണ്ഡലങ്ങളിലായി ചുമതല വഹിക്കുന്നുണ്ട്. വാമനപുരത്ത് 212 ഉം നെടുമങ്ങാടും അരുവിക്കരയിലും 210 വീതവും ബൂത്തുകളാണ് ആകെയുള്ളത്. ഓരോ ബൂത്തിലും രണ്ടു വനിത ഓഫീസർ വീതമുണ്ട്. അരുവിക്കര, നെടുമങ്ങാട് മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണം മഞ്ച ഗവൺമെന്റ് ടെക്നിക്കൽ സ്‌കൂളിലും വാമനപുരം മണ്ഡലത്തിലേത് ആനാട് എസ്.എൻ.വി എച്ച്.എസ്.എസിലും നടന്നു. നെടുമങ്ങാട് നഗരസഭയിലേതടക്കം 28 ബൂത്തുകൾ പ്രശ്‌നബാധിത ബൂത്തുകളാണെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ മൈക്രോ ഒബ്സർവർമാരടക്കം കേന്ദ്രസേനയെയും തമിഴ്‌നാട് പൊലീസിനെയും സംസ്ഥാനത്തെ വിവിധ സേനകളെയും വിവിധ ബൂത്തുകളിൽ നിയമിച്ചിട്ടുള്ളതായി ഇലക്ട്രൽ ഓഫീസർ അറിയിച്ചു.