പോങ്ങനാട് റോഡിൽ അപകടക്കെണിയൊരുക്കി കലുങ്ക് നിർമ്മാണം

കിളിമാനൂർ : മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെ നടത്തുന്ന കലുങ്ക് നിർമ്മാണം അപകടങ്ങൾ സൃഷ്ടിക്കുന്നു.

പോങ്ങനാട് റോഡിൽ പഴുവടിയിലാണ് അപകടക്കെണിയൊരുക്കി കലുങ്ക് നിർമ്മിക്കുന്നത്. വളരെ തിരക്കേറിയ റോഡാണെന്നറിഞ്ഞിട്ടും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്താതെ റോഡ് കുറുകെ മുറിച്ചാണ് കലുങ്ക് നിർമ്മിക്കുന്നത്. എന്നാൽ ഇത് യാത്രക്കാർക്ക് മനസിലാകുന്ന വിധം സൂചനാബോർഡുകളോ ബാരിക്കേഡുകളോ സ്ഥാപിച്ചിട്ടില്ല. ഈ ഭാഗത്ത് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നടന്ന അഞ്ച് അപകടങ്ങളിൽ ഏഴ് പേർക്കാണ് പരിക്കേറ്റത്.

രാത്രിയോടെയാണ് കൂടുതലും അപകടങ്ങൾ നടക്കുന്നത്. റോഡിന്റെ പകുതിയോളം ഇടിച്ചാണ് കോൺക്രീറ്റ് ചെയ്ത് കലുങ്ക് നിർമ്മിക്കുന്നത്. നിർമ്മാണങ്ങൾ നടക്കുന്നതായുള്ള മുന്നറിയിപ്പ് ബോർഡുകൾ നൂറു മീറ്റർ അകലെയായി റോഡിന്റെ ഇരുഭാഗത്തും പ്രദർശിപ്പിക്കേണ്ടതാണ്. ഇതൊന്നും കരാറുകാരൻ പാലിച്ചിട്ടില്ല. അപകടങ്ങൾ നടന്നതിന് ശേഷം ചെറിയ ബോർഡ് കലുങ്ക് നിർമ്മാണം നടക്കുന്നതിനുതൊട്ടടുത്ത് സ്ഥാപിച്ചതായി നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് ലാബ് ടെക്‌നീഷ്യന് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ആട്ടോറിക്ഷ മറിഞ്ഞ് പള്ളിക്കൽ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. തൊട്ടടുത്ത ദിവസം രാത്രിയിൽ ബൈക്ക് മറിഞ്ഞ് പനപ്പാംകുന്ന് സ്വദേശിക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയും പുലർച്ചെയുമായി രണ്ട് ബൈക്കുകളാണ് അപകടത്തിൽ പെട്ടത്. ഇതിൽ മൂന്ന് പേർക്കും പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയ്ക്കാണ് ആറ്റിങ്ങലിലെ സ്വകാര്യ ലാബിൽ നിന്ന് ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന ലാബ് ടെക്‌നീഷ്യൻ സീമന്തപുരം ജിജി ഭവനിൽ ജിജിത്തിന് (24) പരിക്കേറ്റത്. പണി സ്ഥലത്ത് അലക്ഷ്യമായിട്ടിരുന്ന പാറയിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു. തോളെല്ല് പൊട്ടിയ ജിജിത്തിനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലെത്തിച്ചെങ്കിലും പ്രഥമ ശുശ്രൂഷ നൽകി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.