സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? എൻ.ഡി.എ സ്ഥാനാർഥിയുടെ പോസ്റ്റർ കീറിയതെന്തിന്?

ആറ്റിങ്ങൽ : കഴിഞ്ഞ ദിവസങ്ങളിലായി ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ പോസ്റ്റർ കീറി അതിനുമുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ സമ്പത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മാത്രമല്ല ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ എൻഡിഎ ഈ വിഷയം ചൂണ്ടിക്കാണിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കേൾക്കുന്നത് മറ്റൊന്നാണ്.

ആറ്റിങ്ങൽ ചെറുന്നിയൂർ പഞ്ചായത്തിലെ അയന്തി-പന്തുവിള റോഡിൽ എൻഡിഎ സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ പോസ്റ്റർ വലിച്ചുകീറി അതിനുമുകളിൽ എൽ.ഡി എഫ് സ്ഥാനാർഥി ഡോ എ സമ്പത്തിന്റെ പോസ്റ്ററൊട്ടിക്കാൻ ഉണ്ടായ സാഹചര്യം വെളിപ്പെടുത്തി കൊണ്ടുള്ള ശബ്ദരേഖയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. ആദ്യമേ അവിടെ ആ കെട്ടിടത്തിന്റെ ഉടമയുടെ അനുമതി പ്രകാരം എൽഡിഎഫ് സ്ഥാനാർത്ഥി സമ്പത്തിന്റെ പോസ്റ്ററാണ് ഓടിച്ചിരുന്നതെന്നും എന്നാൽ പിന്നീട് ഒരുദിവസം  രാവിലെ നോക്കുമ്പോൾ സമ്പത്തിന്റെ പോസ്റ്ററിന് മുകളിൽ എൻഡിഎ സ്ഥാനാർത്ഥി സ്ഥാനാർത്ഥിയുടെ പോസ്റ്ററാണ് കാണപ്പെട്ടതെന്നും പറയുന്നു. അതിനെത്തുടർന്ന് എൽഡിഎഫ് അനുകൂലികൾ ഉടമയോട് വിവരം തിരക്കുകയും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് മുകളിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്റർ പതിച്ചത് തന്നെ അറിയിക്കാതെയാണ് എന്നും ഉടമ അറിയിച്ചത്രെ. അതുകൊണ്ടാണ് പകൽ സമയം എല്ലാവരും നിൽക്കെ തന്നെ പോസ്റ്റർ മാറ്റി ഉടമയുടെ അനുമതി പ്രകാരം എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പോസ്റ്റർ വീണ്ടും പതിപ്പിച്ചതെന്നും അല്ലാതെ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോടൊപ്പം അടിച്ചുവിടുന്ന കുറിപ്പ് യാഥാർഥ്യമല്ലെന്നും വെറുതെ ഒരു പ്രശ്നം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്നും ശബ്ദരേഖയിൽ പറയുന്നു.