ശോഭ സുരേന്ദ്രന്റെ പോസ്റ്ററുകൾ പരക്കെ നശിപ്പിക്കുന്നതിൽ പ്രതിഷേധമുയരുന്നു

ആറ്റിങ്ങൽ : ആറ്റിങ്ങൽ പാർലമെന്റ് എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പോസ്റ്ററുകൾ പരക്കെ നശിപ്പിക്കുന്നതിൽ പ്രതിഷേധമുയരുന്നു. ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല മണ്ഡലങ്ങളിലെ സി.പി.എം പ്രവർത്തകർ വ്യാപകമായി ശോഭാസുരേന്ദ്രന്റെ പോസ്റ്ററുകൾ കീറി നശിപ്പിക്കുന്നതായാണ് പരാതി. കഴിഞ്ഞദിവസം തോട്ടയ്ക്കാട് നെല്ലിക്കുന്ന് രണ്ട് ബി.ജെ.പി പ്രവർത്തകരെ സി.പി.എം പ്രവർത്തകർ വെട്ടിപരിക്കേൽപ്പിച്ചതായും എൻ.ഡി.എ പത്രസമ്മേളനത്തിൽ പറഞ്ഞു. പരാജയഭീതി പൂണ്ട സി.പി.എം പോസ്റ്റർ നശിപ്പിക്കുകയും ആക്രമണപരമ്പര അഴിച്ചുവിടുകയുമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. നെടുങ്കണ്ട എസ്.എൻ.വി സ്കൂൾ അധ്യാപകൻ പട്ടാപകൽ സഖാക്കളെയും കൂട്ടി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിന് മുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥി സമ്പത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നെന്ന് ആറ്റിങ്ങൽ എൻ.ഡി.എ പാർലമെൻറ് ഇൻചാർജ് അഡ്വ സുധീർ, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ചെമ്പഴന്തി ഉദയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.