മഴക്കെടുതി പരിഹരിക്കാൻ അടിയന്തിര സഹായം ആവശ്യപ്പെടും – എം.എൽ.എ.

പുളിമാത്ത്: പുളിമാത്ത് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിലും കനത്ത മഴയിലും നാശനഷ്ടങ്ങൾ നേരിട്ടവർക്ക് അടിയന്തര സഹായം ആവശ്യപ്പെട്ട് വകുപ്പുമന്ത്രിക്ക്‌ കത്ത് നൽകിയതായി ബി.സത്യൻ എം.എൽ.എ. അറിയിച്ചു.

പുളിമാത്ത് ചെറുക്കാരം, കാരേറ്റ്, പേടികുളം, കുടിയേല, കമുകിൻകുഴി, പേഴുംകുന്ന് എന്നീ ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. മൂന്ന് കിലോമീറ്റർ പ്രദേശത്ത് വീശിയടിച്ച കാറ്റിൽ ഒട്ടുമിക്ക മരങ്ങളും ഒടിഞ്ഞുവീണു. കാർഷിക വിളകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. മരങ്ങൾ വീടിന് മുകളിലേക്ക്‌ വീണാണ് കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. മിക്കയിടത്തും വൈദ്യുതബന്ധവും തടസ്സപ്പെട്ടു. കാരേറ്റ് ദേവസ്വം ബോർഡ് സ്‌കൂളിന് സമീപം രമണിയുടെ വീടിന് മുകളിലേക്ക്‌ മരംവീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പേടികുളത്ത് സുശീലയുടെ വീട്, പേഴുംകുന്ന് സുമതിയമ്മയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി.

അപകടം നടന്ന സ്ഥലങ്ങളിൽ ബി.സത്യൻ എം.എൽ.എ., പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു, വി.ബിനു, റവന്യൂ അധികൃതർ എന്നിവർ സന്ദർശിച്ചു.