മഴയെത്തി, ഓട മാലിന്യത്തിൽ മുങ്ങി…

വെഞ്ഞാറമൂട് : മഴയെത്തുമ്പോൾ വെഞ്ഞാറമൂട് ടൗണിലെ വ്യാപാരികൾക്കും താമസക്കാർക്കും ഉള്ളിൽ ഭയമാണ്. ചെറിയ മഴ പെയ്താൽ തന്നെ മുന്നിലെ ഒാടകളിൽ കക്കൂസ് മാലിന്യങ്ങൾ നിറയും. മുട്ടോളം അഴുക്ക് വെള്ളത്തിലൂടെ വേണം പിന്നീടുള്ള യാത്ര. ടൗണിലെചില ലോഡ്ജുകൾ, വൻകിട ഫ്‌ളാറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ഒാടകളിലേക്ക് തള്ളുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.കഴിഞ്ഞ ഒരു മാസത്തിനിടയിൽ പലതവണ കക്കൂസ് മാലിന്യം ഒാടയിൽ നിക്ഷേപിച്ചതായാണ് നാട്ടുകാർ പറയുന്നത്. കക്കൂസ് സെപ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനം ടൗണിലെ ഭൂരിഭാഗം ലോഡ്ജുകൾക്കും ഇല്ല. അതിനാൽ ഇവ രഹസ്യമായി ഒാടകളിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ടൗണിലെ ഓട കവിഞ്ഞ് കക്കൂസ് മാലിന്യം പുറത്തു വന്നിരുന്നു. മഴ പെയ്തുകഴിഞ്ഞപ്പോൾ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് മാലിന്യം തള്ളിയിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വേനൽമഴ പെയ്തതോടെ നിറഞ്ഞൊഴുകിയ ഒാടയിയിൽ നിന്നും മാലിന്യം പുറത്ത് വന്നു. തുടർന്ന് നാട്ടുകാരും വ്യാപാരികളും പൊലീസിലും ആരോഗ്യവകുപ്പിലും വിവരമറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എം.എൽ.എ ഡി.കെ. മുരളിയും സ്ഥലത്തെത്തി. ഈ മാലിന്യം ഒലിച്ചിറങ്ങി കുടിവെള്ളത്തിൽ കലർന്നാൽ നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ് മലിനമാകും.ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

വൻകിട ഹോട്ടലുകൾ, ലോഡ്ജുകൾ, ഫ്ളാറ്റുകൾ എന്നിവയ്ക്ക് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഉണ്ടാകണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ മിക്ക കെട്ടിടങ്ങളും മാലിന്യ നിർമ്മാർജ്ജന ചട്ടം പാലിക്കുന്നില്ല. ഇതിനെതിരെ അധിക‌ൃതരുടെ ഭാഗത്തു നിന്നും വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.