മേനംകുളം ഡിപ്പോയിൽ നിന്ന് റേഷൻ വിതരണം കൃത്യമായി നടക്കുന്നില്ലെന്ന് പരാതി

മേനംകുളം: സപ്ളൈകോയുടെ മേനംകുളം ഡിപ്പോയിൽ നിന്ന് റേഷൻ വിതരണം കൃത്യമായി നടക്കുന്നില്ലെന്ന് പരാതി. താലൂക്കിലെ 340 ഓളം കടകൾക്ക് ഈ ഡിപ്പോയിൽ നിന്നാണ് റേഷൻ വിതരണം നടത്തുന്നത്. വിഷു കഴിഞ്ഞ് ഈസ്​റ്ററായിട്ടും 140യോളം കടകൾക്ക് റേഷൻ വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് ആഴ്ചയോളമായി റേഷന് പണം അടച്ചു കാത്തിരിക്കുകയാണ് വ്യാപാരികൾ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ ജീവനക്കാർ കുറവാണെന്ന് പറഞ്ഞൊഴിയുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. അരി,​ ഗോതമ്പ്,​ പഞ്ചസാര,​ ആട്ട അടക്കമുള്ള റേഷൻ സാധനങ്ങൾ കടകളിൽ എത്തിച്ച് ഉടമയെ ബോധ്യപ്പെടുത്തി തൂക്കിയാണ് നൽകേണ്ടത്. ഇത് ചെയ്യാതെ ചാക്കുകൾ എണ്ണി നല്കി കടയ്ക്ക് നൽകുകയാണ് ചെയ്യുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇതിലൂടെ വൻ അഴിമതിയാണ് ഉദ്യോഗസ്ഥരും കോൺട്രാക്ടറും കൂടി നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. റേഷൻതൂക്കി ഇറക്കണമെന്ന് ആവശ്യപ്പെടുന്ന വനിതാറേഷൻ വ്യാപാരികളെ പോലും ഭീഷണിപ്പെടുത്തിയും വ്യാജ പരാതി നല്കി ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിക്കുകയും ഫൈൻ ഈടാക്കുകയുമാണ് ചെയ്തു വരുന്നതായും പരാതിയുണ്ട്. തൂക്കത്തിലെ വെട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുകയും അഴിമതികൾ അവസാനിപ്പിച്ച് റേഷൻ വിതരണം സുഗമമായി നടത്താൻ സർക്കാർ നടപടിയെടുക്കണമെന്നും കേരള സ്​റ്റേ​റ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അംബുജാക്ഷൻ നായർ ആവശ്യപ്പെട്ടു.