മാലിന്യം കുന്നുകൂടുന്നു, ജനം പൊറുതിമുട്ടുന്നു

വിതുര: വിതുര മുതൽ തൊളിക്കോട് വരെയുള്ള റോഡ് നിറയെ മാലിന്യ കൂനകളാണ്. ഇറച്ചി വില്പനശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും മറ്റുമായി മാലിന്യം ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി വൻതോതിലാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. ഇതിന് പുറമെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും എല്ലാം ഇവിടെ മാലിന്യം നിക്ഷേപിക്കാറുണ്ട്. മാലിന്യം കുന്നുകൂടാൻ തുടങ്ങിയതോടെ ഇതുവഴി യാത്രയും അസഹനീയമാണ്. ദുർഗന്ധം കാരണം വഴിനടക്കാൻ കഴിയാറില്ല. റോഡരികിലും റബർ പുരയിടങ്ങളിളും മാലിന്യം നിക്ഷേപിക്കാറുണ്ട്. ഈ മാലിന്യങ്ങൾ കാക്കയും മറ്റും കൊത്തിവലിച്ച് പ്രദേശം മുഴുവൻ നിരത്തുകയാണ്. സമീപത്തെ കിണറുകളിലും വീടുകൾക്ക് മുന്നിലും നിരത്തുന്ന മാലിന്യം കാരണം നാട്ടുകാർ പൊറുതിമുട്ടുകയാണ്. ഇവിടെ തെരുവ്നായ്ക്കളും തമ്പടിച്ചതോടെ ദുർഗന്ധവും തെരുവ്നായ്ക്കളും കാരണം രാത്രിയും പകലും ഇതുവഴി യാത്ര വളരെ പ്രയാസപ്പെട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളനാട്-ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡിൽ ചായം മുതൽ ചാരുപാറ വരെയുള്ള റോഡിൻെറ വിവിധ ഭാഗങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപമാണ് ഏറ്റവും കൂടുതൽ മാലിന്യം നിക്ഷേപിക്കുന്നത്. അനവധി തവണ സ്കൂൾ മേധാവികൾ പഞ്ചായത്തിൽ പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. മാലിന്യം കാക്കകൾ കൊത്തി വലിച്ച് സ്കൂൾ പരിസരത്ത് വരെ കൊണ്ടിടുന്നുണ്ട്.

മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയായിട്ടില്ല. അധികൃതർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കിടയിൽ ഉയരുന്നത്. ചേന്നൽപാറ വളവ്, സ്വരാജ്ഗേറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതലും മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഇറച്ചിവേസ്റ്റ് റോഡ് മുഴുവൻ ചിതറിക്കിടക്കുകയാണ്. ദുർഗന്ധം കാരണം സമീപത്തെ വീടുകളിലും താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവരെ പിടികൂടാൻ പൊലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.