ട്രോളൻമാർക്ക് സരിതയുടെ പരസ്യം ഒരുത്സവം, സോഷ്യൽ മീഡിയയിൽ സരിത തരംഗം

സരിത എസ്‌. നായർ പത്രത്തിൽ നൽകിയ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. ഏപ്രിൽ ഒന്നിനാണ് സരിത അറിയിപ്പ് നൽകിയത്. കേസുകള്‍ ഉളളവര്‍ പത്രത്തില്‍ പരസ്യം നല്‍കണം എന്ന പുതിയ ചട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു . ഇതിനിടെയാണു രാഹുലിനെതിരെ മത്സരിക്കാന്‍ സരിത എസ് നായര്‍ തയ്യാറെടുക്കുന്നത്.

പരസ്യം ഇങ്ങനെയാണ്: ഞാന്‍ സരിത സ് നായര്‍, ഇന്ദീവരം, നാലാംകല്ല്, വിളവൂര്‍ക്കല്‍ പിഒ, മലയിന്‍കീഴ്, തിരുവനന്തപുരം ജില്ല. കേരളത്തിലെ എറണാകുളം, വയനാട് ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്കെതിരെ 28 കേസുകള്‍ നിലവിലുണ്ട്. ഈ വാചകത്തിനൊടുവില്‍ കേസ് നമ്പറുകൾ നല്‍കിയിരിക്കുകയാണ്. കേസ് നമ്പറുകള്‍ ചൂണ്ടിക്കാട്ടി പൊതുജനത്തിന്റെ അറിവിലേക്കായാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഈ പരസ്യത്തില്‍ എറണാകുളത്തിനൊപ്പം വയനാട്ടിലും മത്സരിക്കുന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്.എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന് എതിരെ മത്സരിക്കുന്ന കാര്യം സരിത തന്നെ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പത്ര പരസ്യത്തിൽ വയനാടും കൊടുത്തിരിക്കുന്നത് സരിത നേരത്തെ രാഹുൽ ഗാന്ധിയെ കുറിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണോ എന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നു. എന്നാല്‍ ഒരു മറുപടി പോലും തനിക്ക് ലഭിച്ചിട്ടില്ല.ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെ ആണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നും സരിത എസ് നായര്‍ ചോദിച്ചിരുന്നു.

സരിത എസ്‌. നായരുടെ പത്ര പരസ്യം വന്ന ശേഷം പ്രമുഖ ട്രോളന്മാർ പലതരത്തിലുള്ള ട്രോളുകളാണ് പോസ്റ്റ്‌ ചെയ്യുന്നത്. സരിതയെ അനുകൂലിച്ചും എതിർത്തും ഒരുപാട് പേർ രംഗത്തുവരുന്നുണ്ട്.