കിണറ്റിൻകരയിൽ കക്കൂസ് മാലിന്യം ഒഴുക്കി

തേമ്പാമ്മൂട് കുന്നിക്കോട് രണ്ടുനിലയിൽ മാജാ മൻസിലിൽ മാജയുടെ കിണറ്റിൻകരയിൽ കക്കൂസ് മാലിന്യം ഒഴുക്കി. സംഭവസ്ഥലത്ത് ആരോഗ്യപ്രവർത്തകർ പരിശോധന നടത്തി.

കക്കൂസ് വൃത്തിയാക്കുന്ന ഏജൻസികൾ ടാങ്കർ ലോറിയിൽ ശേഖരിച്ച കക്കൂസ് മാലിന്യമാണ് രാത്രി വീട്ടിലെ കിണറ്റിന്റെ പരിസരത്ത് ഒഴുക്കിയത്. അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ട വീട്ടുകാരാണ് കക്കൂസ് മാലിന്യം ഒഴുക്കിയിരിക്കുന്നത് കണ്ടത്.കുടിവെള്ളമെടുക്കുന്ന കിണറ്റിലേക്കു മാലിന്യം ഒഴുകി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ശുദ്ധമായി കിടന്ന കിണറ്റിലെ ജലം കറുപ്പായിമാറി.

പുല്ലമ്പാറ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ഷെഹീർ സ്ഥലത്തെത്തി പരിശോധന നടത്തി. വെഞ്ഞാറമൂട് പോലീസും വീട്ടിലെത്തി.കിണറ്റിലെ ജലം താത്‌കാലികമായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകി. കിണർ ശുചിയാക്കി ക്ലോറിനേഷൻ നടത്തിയ ശേഷമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.

കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വെഞ്ഞാറമൂടിന്റെ പരിസരപ്രദേശങ്ങളിൽ ഇതുപോലെ കക്കൂസ് മാലിന്യം ഒഴുക്കിയിരുന്നു.മിക്ക കവലകളിലും നിരീക്ഷണ ക്യാമറയുണ്ടെങ്കിലും അധികൃതർ കുറ്റക്കാരെ പിടിക്കാത്തതാണ് തെറ്റുകൾ ആവർത്തിക്കുന്നതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു.

കുന്നിക്കോട്ട് ജനവാസകേന്ദ്രത്തിൽ മാലിന്യം ഒഴുക്കിയതിനെതിരേ നാട്ടുകാർ കടുത്ത പ്രതിഷധത്തിലാണ്.
കക്കൂസ് മാലിന്യം ശേഖരിക്കുന്ന ഏജൻസികളാണ് ഇതിനു പിന്നിലുള്ളത്. തേമ്പാമ്മൂട്ടിലെ പഞ്ചായത്തോഫീസിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.