ശാർക്കരയിൽ മീന ഭരണി മഹോത്സവത്തിന് ഭക്തി നിർഭരമായ കൊടിയിറക്കം

ചിറയിൻകീഴ്: മീന ഭരണി മഹോത്സവത്തിന് ഭക്തി നിർഭരമായ കൊടിയിറക്കം. ഉത്സവത്തിന് സമാപനമായി ഗരുഡൻ തൂക്ക നേർച്ച നടന്നു. ദേവിക്ക് ഭക്തർ സ്വയം സമർപ്പണം നടത്തുന്ന ഗരുഡൻ തൂക്കം കാണാൻ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്. ഒരാഴ്ചയായി ഭജനപ്പുരയിൽ കഠിനവ്രതാനുഷ്ഠാനങ്ങളോടെ കഴിഞ്ഞുവന്നിരുന്ന 201 നേർച്ചക്കാരാണ് തൂക്കവില്ലേറിയത്. ഇന്ന് പുലർച്ചയോടെ ദേവീ സന്നിധിയിലെത്തിയ നേർച്ച ഭക്തർ, ദേവിയെ ഏഴുവലംവച്ച് അനുഗ്രഹം വാങ്ങി ഭഗവതി കൊട്ടാരത്തിലേക്ക് ഉടുത്തുകെട്ടിനും ചുട്ടികുത്തലിനുമായി പുറപ്പെട്ടു. ഉടുത്തുകെട്ടിനായി നിയോഗിക്കപ്പെട്ട കീഴതിൽ കാരണവരുടെ അനുഗ്രഹം വാങ്ങി ആദ്യ ചടങ്ങായ ചുട്ടികുത്തലിന് തുടക്കമിട്ടു. തൂവെളള വസ്ത്രങ്ങൾ അണിഞ്ഞ് ഒറ്റ തോർത്ത് ചൂടിയാണ് നേർച്ച തൂക്കത്തിൽ പങ്കെടുത്തത്.

രാവിലെ 9 മണിയോടെ ഇരുപത്തിയൊന്ന് പേരടങ്ങുന്ന ആദ്യ നേർച്ച തൂക്ക സംഘം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിക്കൊട്ടാരത്തിൽനിന്ന് ക്ഷേത്ര സന്നിധിയിലേക്ക് ഘോഷയാത്രയായി പുറപ്പെട്ടു. പ്രത്യേക രീതിയിൽ തുള്ളൽ നടത്തിയെത്തിയ നേർച്ചതൂക്കക്കാർ ക്ഷേത്ര സന്നിധിയിലെത്തി ദേവിയെ സ്തുതിച്ച ശേഷമാണ് വില്ലിന്മേൽ കയറിയത്. രാവിലെ 9.30 മുതലാണ് ഗരുഡൻതൂക്കം നടന്നത്. നേർച്ച തൂക്കക്കാരുടെ കൈകളിൽ കുട്ടികളെ കാഴ്ചവച്ച് പിള്ളകെട്ടിത്തൂക്കവും നടത്തി. തൂക്കവഴിപാടുകൾ വൈകുന്നേരത്തോടെ സമാപിച്ചു. തുടർന്ന് രാത്രി 8ന് ആറാട്ട് എഴുന്നള്ളത്ത്, 8.30ന് തിരുവല്ല മെലഡീസ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടന്നു. ശേഷം 12.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത് തുടർന്ന് വലിയകാണിക്ക, തൃക്കൊടിയിറക്ക്, വെടിക്കെട്ട്, 1ന് ആകാശക്കാഴ്ച എന്നിവയോടെ മഹോത്സവത്തിന് കൊടിയിറങ്ങും.