തിരക്കോട് തിരക്ക് : ശാർക്കര വ്യാപാരമേള ജൂൺ 2 വരെ

ചിറയിൻകീഴ്: ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള വ്യാപാരമേളയ്ക്ക് തിരക്കേറുന്നു. മേള ജൂൺ 2 വരെ തുടരും. ശാർക്കരയിലെ വിശാലമായ പറമ്പിൽ നിരവധി കടകളാണ് വിവിധ സാധന സാമഗ്രികളുമായി സ്ഥാനം പിടിച്ചിട്ടുള്ളത്. ശാർക്കര മീനഭരണിക്ക് ശേഷം പത്താമുദയം വരെ നീണ്ടു നിൽക്കുന്ന വ്യാപാരമേളയാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്.

വൈവിദ്ധ്യമായ കാർഷിക ഉത്പന്നങ്ങളാണ് ഈ വ്യാപാര മേളയുടെ തിളക്കം വർദ്ധിപ്പിക്കുന്നത്. കാച്ചിൽ, ചേന, ചേമ്പ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ എന്നിങ്ങനെ പോകുന്ന നടീൽ വസ്തുക്കളുടെ വിപുലമായ ശേഖരത്തിന് പുറമെ മൺകലങ്ങളുടെ വിവിധവും വ്യത്യസ്തവുമായ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. കാലം ഏറെ പുരോഗമിച്ചിട്ടും ഇന്നും മൺപാത്രങ്ങളോടുള്ള മലയാളിയുടെ പ്രിയം ഏറിവരുകയാണെന്ന് ശാർക്കര പറമ്പിലെ മൺപാത്ര ശേഖരങ്ങളുടെ സ്റ്റാളിലെ തിരക്ക് സൂചിപ്പിക്കുന്നു. അറേബ്യൻ അത്തി, തായ്ലാന്റിൽ നിന്നുള്ള മാമ്പഴം, ജാമ്പ, ചക്കക്കുരുവും ചവിണിയും അരക്കുമില്ലാത്ത ചക്കകൾ, 3 വർഷം കൊണ്ട് കായ്ക്കുന്ന മലേഷ്യൻ കുള്ളൻ തെങ്ങിൻ തൈകൾ, ബുഷ് ഓറഞ്ച്, മറ്റ് വിവിധയിനം ഫ്രൂട്ട്സ് ഇനങ്ങൾ എന്നിവയും പറമ്പിലുണ്ട്. ഏതെടുത്താലും പത്ത് രൂപ, 100 രൂപ, 200 രൂപ സാധനങ്ങൾ അടങ്ങുന്ന സ്റ്റാളുകൾ, കോഴിക്കോടൻ ഹൽവയും മലബാർ ചിപ്സും അടക്കമുള്ള ബേക്കറി സാധനങ്ങൾ, എരിവില്ലാത്ത മുളകുബജി, ഐസ്ക്രീം പാർലറുകൾ, അലുമിനിയം, കളിമൺ പാത്രങ്ങൾ, വസ്ത്രങ്ങൾ, ബാഗുകൾ, പാദരക്ഷകൾ ഇവയെല്ലാം മേളയ്ക്ക് കൊഴുപ്പേകുന്നു. പച്ചക്കറി വിത്തുകൾ, ജൈവവളം, ഗ്രോബാഗ്, വിവിധയിനം ഫാഷൻ കമ്മലുകൾ എന്നിങ്ങനെ നീളുന്നു സ്റ്റാളുകളുടെ നീണ്ട നിര. ഇവിടുത്തെ കാർഷിക ഉത്പന്നങ്ങൾ തേടിയുള്ള കർഷകരിൽ അന്യജില്ലക്കാരുമുണ്ട്. രാവിലെ ആരംഭിക്കുന്ന മേള രാത്രി 10 മണിവരെ നീളും.