ശാർക്കരയിൽ തൂക്ക നേർച്ച വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചു

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ തൂക്ക നേർച്ച ഭക്തന്മാരുടെ വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചു. നാലാം ഉത്സവ ദിവസം മുതലാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന 201 തൂക്ക നേർച്ചക്കാരുടെ വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചത്. ക്ഷേത്ര സന്നിധിയിലെ ഭജനപ്പുരയിൽ കഠിനവ്രതാനുഷ്ഠാനങ്ങളോടെ കഴിഞ്ഞുവരുന്ന ഇവർ നാലാം നാൾ മുതൽ ക്ഷേത്രം വലംവയ്ക്കുന്നതിന്റെ എണ്ണം ഏഴിൽ തുടങ്ങി ഒമ്പതാം ഉത്സവമാകുമ്പോൾ 101ൽ എത്തിക്കും. ഒമ്പതാം ഉത്സവ ദിവസം നടക്കുന്ന തൂക്കവ്രതക്കാരുടെ അമ്മയെ കാണൽ ചടങ്ങിലും പളളിവേട്ടയിലും പങ്കെടുത്ത്, ഭരണി നാളിൽ നാലു പ്രാവശ്യം ക്ഷേത്രം വലംവച്ച ശേഷമാണ് ഭഗവതി കൊട്ടാരത്തിലേയ്ക്ക് ഉടുത്തു കെട്ടലിനും ചുട്ടികുത്തലിനുമായി പുറപ്പെടുന്നത്. ഭഗവതി കൊട്ടാരത്തിൽ നിന്നും പ്രത്യേക വേഷവിധാനങ്ങളുടുത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലെത്തും. തുടർന്ന് മേൽശാന്തിയിൽ നിന്ന് അനുഗ്രഹം വാങ്ങിച്ച് മൂന്ന് പ്രാവശ്യം ക്ഷേത്രം വലംവച്ച് ദേവിയെ സ്തുതിച്ച ശേഷമാണ് തൂക്കവില്ലേറുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തൂക്കവില്ലേറാൻ ഭക്തജനങ്ങൾക്ക് പലപ്പോഴും അവസരം ലഭിക്കുന്നത്. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 4ന് പള്ളിയുണർത്തൽ, 4.30ന് നിർമാല്യ ദർശനം, 5ന് മഹാഗണപതിഹോമം, 6ന് ഉഷപൂജ, ഹരിനാമകീർത്തനം, ലളിതസഹസ്രനാമം, 8ന് ശ്രീഭൂതബലി എഴുന്നളളത്ത്, 9.30 മുതൽ വൈകിട്ട് 4വരെ ശ്രീമഹാദേവി ഭാഗവത പാരായണം, 11.30ന് കളഭാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 5ന് തിരുവാതിരക്കളി, 6ന് നൃത്തതരംഗ വിസ്മയം, രാത്രി 9ന് കൊച്ചിൻ ബിഗ് ബാൻഡ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, 12.30ന് നാഗർകോവിൽ നൈറ്റ് ബേർഡ്സിന്റെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.