ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ അഗ്നിക്കാവടി അഭിഷേകത്തിന് പരിസമാപ്തിയായി.

അഴൂർ: ഭക്തിയുടെ പാരമ്യതയിൽ പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ അഗ്നിക്കാവടി അഭിഷേകത്തിന് പരിസമാപ്തിയായി. ക്ഷേത്രത്തിലെ മുരുകനടയിലെ കാവടിത്തറയിൽ മുപ്പതടിയോളം വിറക് കൂട്ടിയാണ് അഗ്നി ജ്വലിപ്പിച്ചത്. ക്ഷേത്ര നടയിൽ നിന്നും മുരുക ഭക്തർ പെരുങ്ങുഴി മേടയിൽ മുത്താരമ്മൻ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങി അഗ്നിക്കാവടി ഘോഷയാത്രയായി പുറപ്പെട്ട് രാജരാജേശ്വരി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ച ശേഷമാണ് മുരുക സന്നിധിയിലെ ആഴിയിൽ ചാടി കനലാട്ടം ആരംഭിച്ചത്.

ഇന്നലെ വൈകിട്ട് നടന്ന പാൽക്കാവടി ഘോഷയാത്രയിലും വൻ ഭക്തജന പ്രവാഹമായിരുന്നു. വിവിധ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ പാൽക്കാവടി ഘോഷയാത്രകൾ രാജരാജേശ്വരി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ ആയിരക്കണക്കിന് ഭക്തജനങ്ങളെക്കൊണ്ട് ക്ഷേത്ര പരിസരം തിങ്ങി നിറഞ്ഞു. ഉത്സവ സമാപന ദിവസമായ ഇന്ന് രാവിലെ 6.30ന് കണികാണിക്കൽ ചടങ്ങ്, 7ന് മഹാഗണപതിഹോമം, 8ന് ദേവീമാഹാത്മ്യം, ലളിത സഹസ്രനാമം, 8.30ന് കലശാഭിഷേകം, 9.30ന് തിരുവാതിര പൊങ്കാല, ഉച്ചയ്ക്ക് 11.30ന് സമൂഹസദ്യ, വൈകിട്ട് 5ന് കാഴ്ചശീവേലി, 5.30ന് ആറാട്ടെഴുന്നളളത്ത്, രാത്രി 8ന് തിരുവനന്തപുരം ട്രാക്സ് അവതരിപ്പിക്കുന്ന ഗാനമേള ആന്റ് ലൈറ്റ് ഷോ, രാത്രി 10.30ന് ശേഷം തൃക്കൊടിയിറക്ക്, 10.45ന് പാനക നിവേദ്യം തുടർന്ന് മഹാനിവേദ്യം, ചമയ വിളക്ക്, ആനപ്പുറത്തെഴുന്നളളത്ത്, നാദസ്വരകച്ചേരി എന്നിവയോടെ ഉത്സവം സമാപിക്കും