എസ്‌.ആർ മെഡിക്കൽ കോളേജിൽ മിന്നൽ പരിശോധന; 100 ഓളം കുട്ടികളുടെ ഭാവി തുലാസിൽ.

വർക്കല : വർക്കല അകത്തുമുറിയിലെ എസ്.ആർ മെഡിക്കൽ കോളേജിൽ മെഡിക്കൽ കൗൺസിലിന്റെയും ആരോഗ്യ സർവ്വകലാശാലയുടെയും വിദഗ്ധ സംഘം മിന്നൽപ്പരിശോധന നടത്തി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. സ്വാശ്രയ സ്ഥാപനമായ ഈ കോളേജിൽ പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലെന്നും ഇവിടെ പഠനം തുടരാൻ സാദ്ധ്യമല്ലെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ചില വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ്, ഇക്കാര്യം പരിശോധിച്ച് നിജ സ്ഥിതി ബോദ്ധ്യപ്പെടുത്താൻ മെഡിക്കൽ കൗൺസിലിനും ആരോഗ്യ സർവ്വകലാശാലയ്ക്കും കോടതി നിർദ്ദേശം നൽകിയത്. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയെപ്പറ്റി നിരന്തരം പരാതികൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. 2016 – 17 അദ്ധ്യയന വർഷത്തിലാണ് ഇവിടെ എംബിബിഎസ്സിനു 100 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുമതി ലഭിക്കുന്നത്. അന്ന് സർക്കാരുമായുള്ള കരാർ പ്രകാരം, 50 – 50 അനുപാതത്തിലാണ് പ്രവേശനം നടന്നത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ തുടർ അനുമതി ലഭിച്ചിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നതാണ് ഇതിനു കാരണം. തദ്ദേശ ഭരണ സ്ഥാപനത്തിൽനിന്നുള്ള കെട്ടിട നിർമ്മാണ അനുമതിയോ സ്ഥിരമായ വൈദ്യുത കണക്ഷനോ അഗ്നിശമന സേനയുടെ സുരക്ഷാ പത്രമോ ഒന്നുംതന്നെ ഈ കോളേജിനില്ലെന്നാണ് ഇവയോടനുബന്ധിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ശമ്പളം നൽകാത്തതിനാൽ അധ്യാപകരാരും തന്നെ ക്ലാസുകൾ എടുക്കാൻ എത്താറില്ല. ഈ സാഹചര്യത്തിൽ ഇവിടെ പഠനം തുടരാൻ സാധ്യമല്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്.

വർക്കല എസ് ആർ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളാണ് അകത്തുമുറിയിലെ എസ്.ആർ മെഡിക്കൽ കോളേജും ശ്രീശങ്കരാ ഡെന്റൽ കോളേജും. ഇവ രണ്ടും ഒരേ കോംബൗണ്ടിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. മാസങ്ങളായി ശമ്പളം മുടങ്ങിയതിൻറെ പേരിൽ ഡെന്റൽ കോളേജിലെ അധ്യാപകരും മറ്റു ജീവനക്കാരും അനിശ്ചിതകാല സമരം നടത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതേതുടർന്ന് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥികളും കോളേജിന് മുന്നിൽ പന്തൽകെട്ടി സമരം ചെയ്തു വരികയായിരുന്നു. കോളേജ് ഭരണം ഹൈക്കോടതി നിയമിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഡെന്റൽ വിദ്യാർത്ഥികളും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഹൈക്കോടതി ചുമതലപ്പെടുത്തിയ കമ്മീഷൻ ഇവിടെ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കോളേജ് മാനേജ്മെന്റിനെപ്പറ്റി ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണങ്ങളും നില നിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം, അനുമതി ലഭിക്കാതിരുന്നിട്ടും എം.ബി.ബി.എസ്സിന് എൻ.ആർ.ഐ സീറ്റുകൾ ലഭ്യമാണെന്ന് കാട്ടി ഈ കോളേജ് പത്രപ്പരസ്യം നൽകിയിരുന്നു. ഒരു സീറ്റിന് 75 ലക്ഷം രൂപവരെ ഇക്കാര്യത്തിൽ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ തലവരിപ്പണമായതിനാൽ ഇക്കാര്യത്തിൽ പരാതി നൽകാൻ ആരും മുന്നോട്ടു വന്നിട്ടില്ല. ഇക്കാര്യത്തിലും കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിദ്യാർത്ഥികളും രക്ഷ കർത്താക്കളും ആവശ്യപ്പെടുന്നത്. ഇതോടൊപ്പം തങ്ങളുടെ ഭാവി വച്ച് പന്താടുന്ന മാനേജ്മെന്റിന്റെ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കൂടാതെ,തങ്ങളെ എത്രയും വേഗം സർക്കാർ ഇടപെട്ട് മറ്റേതെങ്കിലും കോളേജിലേക്ക് മാറ്റി പഠനം തുടരാനുള്ള സാഹചര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.