ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയെ ലോകശക്തിയായി വളര്‍ത്തി: ശ്രീധരന്‍പിളള

ആറ്റിങ്ങല്‍: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയെ ലോകശക്തിയായി വളര്‍ത്തുകയാണുണ്ടായതെന്ന് ബി.ജെ.പി.സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള പറഞ്ഞു. എന്‍.ഡി.എ ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ പ്രകടനപത്രിക പുറത്തിറക്കിയതിനോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിക്കെതിരെയാണ് ഇസ്‌പേഡ് രാജകുമാരനെ രംഗത്തിറക്കി കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും രാജ്യത്തിന്റെ ശത്രുക്കളെ അവരുടെ മടയില്‍ച്ചെന്ന് ഇല്ലാതാക്കുന്ന ശക്തിയായി ഇന്ത്യമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2030 ആകുമ്പോഴേയ്ക്കും അമേരിക്കയെക്കാള്‍ മുന്തിയ സാമ്പത്തികശക്തിയായി ഇന്ത്യമാറുമെന്ന് സാമ്പത്തികനിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. ചരിത്രം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മഹാപ്രക്രിയയാണ് ബി.ജെ.പി ഭരണകാലത്തുണ്ടായത്. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലേയ്‌ക്കെത്തിയാല്‍ ആറ്റിങ്ങലും പുതിയ ചരിത്രമെഴുതും. ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കാത്തവര്‍ ഇപ്പോഴും ഇന്ത്യയിലുണ്ട്. അവരാണ് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെത്രയെന്ന് ചോദിക്കുന്നതെന്നും ശ്രീധരന്‍പിളള പറഞ്ഞു.

എന്‍.ഡി.എ.പാര്‍ലമെന്റ് മണ്ഡലം ചെയര്‍മാന്‍ കെ.എ.ബാഹുലേയന്‍ അധ്യക്ഷനായി. കര്‍ണാടകയില്‍ നിന്നുളള ബി.ജെ.പി.നേതാവ് നിര്‍മ്മല്‍കുമാര്‍ സുരാല, എം.ടി.രമേഷ്, ചെമ്പഴന്തി ഉദയന്‍, പി.സുധീര്‍, നിഖില്‍കുമാര്‍, ശ്രീകണ്ഠന്‍പങ്കജ്, കെ.ബി.അരുണ്‍, വെള്ളാഞ്ചിറ സോമശേഖരന്‍, കല്ലറ രാജീവ് എന്നിവര്‍ പങ്കെടുത്തു.