ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

കാട്ടാക്കട :കാട്ടാക്കട എട്ടിരുത്തി കുറ്റിക്കാട് തോട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ കോട്ടൂർ രഞ്ജിത്ത് ഭവനിൽ രാജന്റേ(49)താണെന്ന‌് കണ്ടെത്തി.
ഫെബ്രുവരി 11 നാണ‌് 15 ദിവസത്തോളം പഴക്കം തോന്നിക്കുന്ന പുരുഷ മൃതശരീരം ജീർണിച്ച നിലയിൽ തോട്ടിൽ കാണപ്പെട്ടത്. പരിസരവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് നടപടികൾ സ്വീകരിച്ചുവെങ്കിലും മരിച്ചയാളെ തിരിച്ചറിയാനായില്ല.
തുടർന്ന‌് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മിസ്സിങ‌് കേസുകൾ പരിശോധിച്ചു. നെയ്യാർഡാം പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജന്റെ അടയാള വിവരങ്ങൾ വച്ച് അന്വേഷണം നടത്തുകയും ബന്ധുക്കളെ മൃതശരീരം കാണിച്ചു തിരിച്ചറിയാൻ ശ്രമം നടത്തുകയും ചെയ‌്തു. എന്നാൽ, ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം കാണാതായ രാജന്റേതാണ‌് എന്ന് തെളിഞ്ഞത്. പോസ്റ്റുമോർട്ടം പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണം എന്ന് നേരത്തെ   കണ്ടെത്തിയിരുന്നു. മൃതശരീരം മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന‌് ബന്ധുക്കൾ ഏറ്റുവാങ്ങി.
ഭാര്യ: അമ്പിളി.
മകൻ: രഞ്ജിത്ത്.