തെരുവ് നായ്ക്കളുടെ ആക്രമണം, നഗരസഭാ മുൻ വൈസ് ചെയർപേഴ്സണും കടിയേറ്റു

വർക്കല: ചിലക്കൂരിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നഗരസഭാ മുൻ വൈസ് ചെയർപേഴ്‌സൺ അടക്കം മൂന്നുപേർക്ക് പരിക്ക്. ചിലക്കൂർ പണയിൽ സ്കൂളിനു മുന്നിലാണ് നഗരസഭാ മുൻ വൈസ് ചെയർപേഴ്‌സൺ എസ്.സുമയ്യയെ തെരുവുനായ കടിച്ചത്. ഇവർ നടന്നുപോകുമ്പോൾ പിന്നിലൂടെ എത്തിയ നായ കാലിൽ കടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായയെ ഓടിച്ച് സുമയ്യയെ രക്ഷിച്ചത്. കാലിൽ ആഴത്തിലുള്ള മുറിവേറ്റ സുമയ്യ കുഴഞ്ഞുവീണു.

ചിലക്കൂർ കുഴിവിളവീട്ടിൽ നൂർജഹാനും കടിയേറ്റു. വീടിന്റെ സിറ്റൗട്ടിലിരുന്ന നൂർജഹാന്റെ കഴുത്തിനും തോളിലുമാണ് കടിച്ചത്. ജോലിക്കു പോയി മടങ്ങുകയായിരുന്ന നാവായിക്കുളം സ്വദേശിയായ മധ്യവയസ്‌കന്റെ കണങ്കാലിനും കടിയേറ്റു.

മൂന്നുപേരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ടി.ടി. ഇഞ്ചക്ഷൻ എടുക്കാനുള്ള സൗകര്യം മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നതെന്ന് സുമയ്യ പറഞ്ഞു. പിന്നീട് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചു. താലൂക്ക് ആശുപത്രിയിൽ പേവിഷ ബാധയ്ക്കെതിരേയുള്ള വാക്സിൻ ലഭ്യമാക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടു.