ദുരിതംപേറിയ സബ് ട്രഷറിയിൽ എത്തുന്നവർ ദുരിതത്തിൽ…

വെള്ളനാട്: അടിസ്ഥാന സൗകര്യം പോലും ഒരുക്കാനാകാത്ത വെള്ളനാട്ടെ സബ് ട്രഷറി ഇടപാടുകാർക്ക് വെല്ലുവിളിയാകുന്നു. അരുവിക്കര,വെള്ളനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലുള്ളവർക്ക് നെടുമങ്ങാട്,കാട്ടാക്കട ട്രഷറികളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു വേണ്ടിയാണ് വെള്ളനാട്ട് സബ്ട്രഷറി ആരംഭിച്ചത്.

വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്താണ് സബ് ട്രഷറി പ്രവർത്തനം ആരംഭിച്ചത്.സ്വകാര്യ വ്യക്തിയുടെ നാല് കടമുറികൾ ചേർത്താണ് ഓഫീസ് തട്ടിക്കൂട്ടിയത്.ഓഫീസിലെ
സ്ഥലപരിമിതി ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വയോധികർ ഉൾപ്പെടെ നൂറു കണക്കിന് ഇടപാടുകാർ എത്തുന്ന ട്രഷറിയിൽ അടിസ്ഥാനസൗകര്യങ്ങളൊന്നും ഇല്ല. കെട്ടിടത്തിന്റെ മുറ്റത്ത് ഷീറ്റിട്ടാണ് ഇടപാടുകാർക്ക് ഇരിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. കടുത്ത വേനലായതോടെ ഷീറ്റിനടിയിൽ വിയർത്തൊലിച്ചിരിക്കേണ്ട ഗതികേടാണ്..
ട്രഷറിയിലെത്തുന്നവർക്ക് വേണ്ടി സജ്ജീകരിച്ച ശൗചാലയം
അടച്ചിട്ടിരിക്കുകയാണ്.പൊലീസുകാർക്ക് ഉപയോഗിക്കാനായി നൽകിയിരിക്കുന്ന ശൗചാലയമാണ് ഇപ്പോൾ ഇടപാടുകാർ ഉപയോഗിക്കുന്നത്.വെള്ളനാട് മിനിസിവിൽസ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ അവിടേയ്ക്ക് ട്രഷറി മാറ്റുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മിനിസിവിൽസ്റ്റേഷന്റെ നിർമ്മാണങ്ങൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.