സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി

കൊച്ചി: കല്ലട ബസിനുള്ളിൽ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ ബസ്സുടമ സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷ്ണറുടെ ഓഫീസിലാണ് സുരേഷ് കല്ലട ഹാജരായത്. പൊലീസ് ഇയാളുടെ മൊഴിയെടുക്കുകയാണ്. ഇന്നലെ വൈകിട്ട് ഹാജരാകണമെന്ന് പൊലീസ് അന്ത്യശാസനം നൽകിയിരുന്നെങ്കിലും സുരേഷ് ഹാജരായിരുന്നില്ല. ഇന്ന് ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

മരട് പൊലീസ് സ്റ്റേഷനിൽ ഓഫീസിൽ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ഇന്ന് ഹാജരാകാനാവില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും വൈകിട്ടോടെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. രക്ത സമ്മർദ്ദം ഉയർന്നതിനാൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് സുരേഷ് കല്ലട രാവിലെ പൊലീസിനെ അറിയിച്ചിരുന്നത്. ആശുപത്രിയിലാണെങ്കിൽ ചികിത്സാ രേഖകൾ ഹാജരാക്കാൻ പൊലീസും ആവശ്യപ്പെട്ടു. തുടർന്ന് വൈകിട്ടോടെ ഹാജരായി.

യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസിൻ്റെ നീക്കം. കേസിൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കേസിൽ ഇത് വരെ ഏഴ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.