ഇവിടെ പ്രതിരോധ മരുന്ന് വാങ്ങാൻ മണിക്കൂറുകൾ കാത്ത് നിൽക്കണം

വിതുര: വിതുര താലൂക്കാശുപത്രിയിലെ പ്രതിരോധ മരുന്നുവിതരണം കാര്യക്ഷമമല്ലെന്ന് പരാതി. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർ പോലും മണിക്കൂറുകൾ കാത്തു നിൽക്കേണ്ട ഗതികേടിലാണെന്നാണ് ആക്ഷേപം. മരുന്നുവിതരണദിനങ്ങളിൽ കുട്ടികളുടെയും അമ്മമാരുടെയും നീണ്ടനിര പതിവുകാഴ്ചയാണ്.

ബുധനാഴ്ച ദിവസങ്ങളിലാണ് ആശുപത്രിയിലെ പ്രതിരോധമരുന്നു വിതരണം. രാവിലെ എട്ടുമുതൽ കുട്ടികളുമായി അച്ഛനമ്മമാർ ഇവിടെയെത്തും. പലപ്പോഴും ഒൻപതു മണിക്കു ശേഷമാണ് ജീവനക്കാരെത്തുന്നതെന്നാണ് ആക്ഷേപം. തുടർന്ന് കാർഡുകൾ വാങ്ങിവെയ്ക്കും. പിന്നെയും കാത്തു നിന്നേ പറ്റൂ. ഡോക്ടറെത്താൻ വൈകുന്ന ദിവസങ്ങളിൽ 12- മണി വരെ നിൽക്കേണ്ടി വരുമെന്ന് മരുന്നു വാങ്ങാനെത്തിയവർ പറയുന്നു.

ജീവനക്കാരുടെ കുറവാണ് പ്രധാന പ്രശ്നം. കഴിഞ്ഞ ബുധനാഴ്ച ഒരാൾ മാത്രമാണ് കാർഡു പരിശോധിക്കാൻ ഉണ്ടായിരുന്നത്. നൂറോളം പേരാണ് പ്രതിരോധ മരുന്നിനായെത്തിയത്. ക്രമം തെറ്റിച്ചു പേരു വിളിച്ചു എന്നാരോപിച്ച് നേരിയ സംഘർഷവുമുണ്ടായി. പ്രദേശത്തെ അങ്കണവാടികളിൽ പ്രതിരോധ മരുന്നുവിതരണവും കുത്തിവെയ്പുമെടുക്കുന്നതായും ഈ സൗകര്യങ്ങൾ പലരും പ്രയോജനപ്പെടുത്താത്തതാണ് തിരക്കിനു കാരണമെന്നുമാണ് ജീവനക്കാരുടെ വാദം