ഇടഞ്ഞ ആനയ്ക്ക് മുകളിൽ നിലം തൊടാതെ കീഴ്ശാന്തി ഇരുന്നത് മൂന്ന് മണിക്കൂർ…

കഴക്കൂട്ടം: കാര്യവട്ടം തൃപ്പാപ്പൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി ആന ഇടഞ്ഞു. ഉള്ളൂരിലുള്ള അനിൽകുമാറിന്റെ ശ്രീപാർവതിയെന്ന പിടിയാനയാണ് ഇടഞ്ഞത്. സമാപന ദിവസമായ ഇന്നലെ വൈകിട്ട് ആറിന് കലശ എഴുന്നള്ളത്ത് നടക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന ക്ഷേത്രത്തിന് ചുറ്റും ഒാടി. മേൽക്കൂരയിലെ ഓടും പൊട്ടിച്ചു. ഭക്ത‌ർ ഭയന്ന് ചിതറിയോടി. പിന്നീട് നടയിൽ നിലയുറപ്പിച്ച ആന ആരെയും അടുക്കാൻ അനുവദിച്ചില്ല. ആനപ്പുറത്തിരുന്ന കഴക്കൂട്ടം സ്വദേശിയായ കീഴ്ശാന്തി വിനോദിന് മൂന്നുമണിക്കൂറോളം നിലത്തിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. രാത്രി 9ന് ശേഷം ഉടമ അനിൽകുമാർ ഭക്ഷണ സാധനങ്ങളുമായി ക്ഷേത്രത്തിലെത്തി ആനയെ അനുനയിപ്പിച്ചാണ് കീഴ്ശാന്തിയെ നിലത്തിറക്കിയത്. പിന്നീട് ആനയെ തളച്ചു. 10 ദിവസത്തെ ഉത്സവത്തിന് ഈ ആനയെ ആദ്യം കൊണ്ടുവന്നിരുന്നു. അന്ന് ഇടഞ്ഞതിനെ തുടർന്ന് മറ്റൊരു ആനയെ കൊണ്ടുവന്നു. അതിനെ തിരിച്ചു കൊണ്ടുപോയതിന് ശേഷം ഇന്നലെ വീണ്ടും ശ്രീപാർവതിയെന്ന ആനയെ കൊണ്ടുവരികയായിരുന്നു.