ജില്ലയിൽ 27.14 ലക്ഷം സമ്മതിദായകര്‍ ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 27.14 ലക്ഷത്തോളം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറിന് അവസാനിക്കും. 2715 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ 19 ഉം തിരുവനന്തപുരം മണ്ഡലത്തില്‍ 17ഉം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ ഡോ. കെ. വാസുകി പറഞ്ഞു. വോട്ടെടുപ്പിനുള്ള സാധന സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. വൈകുന്നേരത്തോടെ എല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥരും പോളിങ് സാമഗ്രികളും എത്തി. എല്ലാ പോളിങ് ബൂത്തുകള്‍ക്കും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൂര്‍ണമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന വോട്ടെടുപ്പില്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്നുവെന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 27,14,164 സമ്മതിദായകരാണ് ജില്ലയിലുള്ളത്. ഇതില്‍ 14,23,857 പേര്‍ സ്ത്രീകളും 12,90,259 പേര്‍ പുരുഷന്മാരും 48 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.

13,46,641 വോട്ടര്‍മാരാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 6,29,327 പേര്‍ പുരുഷന്മാരും 7,17,300 പേര്‍ സ്ത്രീകളുമാണ്. 14 ട്രാന്‍സ്‌ജെന്റേഴ്‌സ് മണ്ഡലത്തിലുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 7,06,557 സ്ത്രീകളും 6,60,932 പുരുഷന്മാരും 34 ട്രാന്‍സ്‌ജെന്റേഴ്‌സുമടക്കം ആകെ സമ്മതിദായകര്‍ 13,67,523 ആണ്.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം ഇങ്ങനെ

ആറ്റിങ്ങല്‍

നിയമസഭാ മണ്ഡലം പുരുഷന്മാര്‍ സ്ത്രീകള്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് ആകെ വോട്ടര്‍മാര്‍
വര്‍ക്കല 85280 98898 0 184178
ആറ്റിങ്ങല്‍ 88970 106567 2 195539
ചിറയിന്‍കീഴ് 87567 104891 0 192458
നെടുമങ്ങാട് 95570 105317 4 200891
വാമനപുരം 92047 104102 4 196153
അരുവിക്കര 89823 99576 1 189400
കാട്ടാക്കട 90070 97949 3 188022

തിരുവനന്തപുരം

നിയമസഭാ മണ്ഡലം പുരുഷന്മാര്‍ സ്ത്രീകള്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് ആകെ വോട്ടര്‍മാര്‍
കഴക്കൂട്ടം 86393 94506 1 180900
വട്ടിയൂര്‍ക്കാവ് 93347 102252 2 195601
തിരുവനന്തപുരം 93227 99049 22 192298
നേമം 93359 99397 6 192762
പാറശാല 102934 110693 0 213627
കോവളം 103470 107580 2 211052
നെയ്യാറ്റിന്‍കര 88202 93080 1 181283

ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ്. ആറ്റിങ്ങല്‍ – 1071, തിരുവനന്തപുരം – 942 എന്നിങ്ങനെയാണ് വിദേശത്തുള്ളവരുടെ കണക്ക്.