ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തിരുവാതിര പൊങ്കാല

അഴൂർ : പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ മീന തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന തിരുവാതിര പൊങ്കാലയിൽ ആയിരങ്ങൾ പങ്കെടുത്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നലെ രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി വെളളിമറ്റം സിനീഷ് പോറ്റി പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. പണ്ടാര അടുപ്പിൽ പകർന്ന തീ മറ്റ് അടുപ്പുകളിലേക്കും പകർന്നതോടെ ക്ഷേത്ര പറമ്പും പരിസര പ്രദേശത്തെ റോഡും യാഗശാലയായി മാറി. ദേവീസ്തുതിഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ 11.30ന് പൊങ്കാല നിവേദ്യം നടന്നു. വൈകിട്ട് 5.30ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയെ ആറാട്ടിനെഴുന്നള്ളിച്ചു. സന്ധ്യയ്ക്ക് പെരുങ്ങുഴി ആറാട്ട് കടവിൽ നീരാടിയ ശേഷം തിരിച്ചെഴുന്നള്ളിച്ചപ്പോൾ വഴിയോരത്ത് നിറപറയും നിലവിളക്കും ഒരുക്കി ഭക്തജനങ്ങൾ ദേവിയെഎതിരേറ്റു. രാത്രി 10.10ന് നടന്ന തൃക്കൊടിയിറക്ക്, പാനക നിവേദ്യം, മഹാനിവേദ്യം, ചമയവിളക്ക് എന്നിവയോടെ പത്ത് ദിവസം നീണ്ടു നിന്ന ഉത്സവാഘോഷങ്ങൾ സമാപിച്ചു.