പെൺകുട്ടിക്ക് വിവാഹ സഹായങ്ങൾ നൽകി തൊളിക്കുഴി സാധു സംരക്ഷണ സമിതിയുടെ മാതൃക

കിളിമാനൂർ: നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്ക് വിവാഹത്തിനുള്ള സഹായങ്ങൾ നൽകി തൊളിക്കുഴി സാധു സംരക്ഷണ സമിതി മാതൃകയായി. സമിതിയുടെ നേതൃത്വത്തിലുള്ള സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന, സംബ്രമം താഴെപണ പുത്തൻവീട്ടിൽ ഷറഫുദ്ദീൻ – നസീറാബീവി ദമ്പതികളുടെ മകളുടെ വിവാഹമാണ് സമിതിയുടെ നേതൃത്വത്തിൽ നടത്തുന്നത്. സമിതി പ്രസിഡന്റ് തോപ്പിൽ എ.നിസാമുദ്ദീനാണ് വിവാഹത്തിനായി പത്ത് പവൻ സ്വർണവും, മൂന്ന് ലക്ഷം രൂപയും സംഭാവനയായി നൽകിയത്. സമിതി ഭാരവാഹികൾ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹസഹായം കൈമാറി. സമിതി പ്രസിഡന്റ് തോപ്പിൽ എ.നിസാമുദ്ദീൻ, ജനറൽ സെക്രട്ടറി എ. ജാഫർ, ട്രഷറർ തോപ്പിൽ എ.താജുദ്ദീൻ സെക്രട്ടറിമാരായ എം. തമീമുദ്ദീൻ, എ.എം.ഇർഷാദ്, വൈസ് പ്രസിഡന്റ് ജാഫർ മൗലവി, എ.നിസാറുദ്ദീൻ, എ.ഷാജഹാൻ, ടി. താഹ, അൽഅമീൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ മുപ്പത് വർഷമായി സാധു സംരക്ഷണ മേഖലയിലും, വിദ്യാഭ്യാസ – സാംസ്കാരിക രംഗത്തും നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സമിതിയുടെ നേതൃത്വത്തിൽ സൗജന്യ തയ്യൽ പരിശീലനം, പ്രതിമാസ വാർദ്ധക്യകാല-വിധവാ പെൻഷനുകളുടെ വിതരണം, വിവാഹ – വിദ്യാഭ്യാസ ധനസഹായ വിതരണം, കൗൺസിലിംഗ് ക്ലാസുകൾ, പഠന ക്ലാസുകൾ എന്നിവ നടത്തി വരുന്നുണ്ട്.