ജില്ലയിൽ ആകെ പോളിങ് ബൂത്തുകള്‍ 2715 : പ്രശ്‌നസാധ്യതാ ബൂത്തുകള്‍ 835

ജില്ലയിലെ 2715 പോളിങ് ബൂത്തുകളിലായാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള ബൂത്തുകളുടെ എണ്ണം ഇങ്ങനെ

വര്‍ക്കല – 193, ആറ്റിങ്ങല്‍ – 204, ചിറയിന്‍കീഴ് – 198, നെടുമങ്ങാട് – 210, വാമനപുരം – 212, കഴക്കൂട്ടം – 165, വട്ടിയൂര്‍ക്കാവ് – 168, തിരുവനന്തപുരം – 178, നേമം – 180, അരുവിക്കര – 210, പാറശാല – 214, കാട്ടാക്കട – 183, കോവളം – 215, നെയ്യാറ്റിന്‍കര 185.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പാറശാല നിയമസഭാ മണ്ഡലത്തിലെ 111-ാം നമ്പര്‍ ബൂത്തിലാണ്. 656 പുരുഷന്മാരും 770 സ്ത്രീകളുമടക്കം 1426 സമ്മതിദായകര്‍ക്കാണ് ഈ ബൂത്തില്‍ വോട്ടുള്ളത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ 121-ാം നമ്പര്‍ ബൂത്താണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 686 പുരുഷന്മാരും 739 സ്ത്രീകളുമടക്കം 1425 വോട്ടര്‍മാര്‍ ഈ ബൂത്തിലുണ്ട്.

വാമനപുരം നിയമസഭാ മണ്ഡലത്തിലെ 120-ാം ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. 88 സ്ത്രീകളും 77 പുരുഷന്മാരുമടക്കം 165 വോട്ടര്‍മാരേ ഈ ബൂത്തിലുള്ളൂ. നെടുമങ്ങാട് മണ്ഡലത്തിലെ എട്ടാം നമ്പര്‍ ബൂത്താണ് ഇക്കാര്യത്തില്‍ രണ്ടാമത്. 299 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 122 സ്ത്രീകളും 177 പുരുഷന്മാരും.

പ്രശ്‌നസാധ്യതാ ബൂത്തുകള്‍ 835

ജില്ലയിലെ 835 പോളിങ് ബൂത്തുകള്‍ പ്രശ്‌ന സാധ്യതയുള്ളതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ 97 ഏണ്ണം അതീവ പ്രശ്‌നസാധ്യതാ ബൂത്തുകളാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള 132 പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങും 129 മേഖലകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.