ഇരുളിൽ അമർന്ന ടൗൺ – യാത്രക്കാർ അക്രമ ഭീതിയിൽ

കിളിമാനൂർ: സന്ധ്യ കഴിഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലെ വിളക്കുകൾ അണഞ്ഞാൽ കിളിമാനൂർ ടൗൺ കുറ്റാ കൂരിരുട്ടിലാകും. അന്യ ദേശങ്ങളിൽ നിന്ന് ഉൾപ്പെടെ കിളിമാനൂരിൽ എത്തുന്ന നൂറു കണക്കിന് യാത്രക്കാർ കഴിഞ്ഞ കുറെക്കാലമായി ഇരുട്ടിൽ തപ്പേണ്ട ദുരവസ്ഥയിലാണ്. സംസ്ഥാന പാതയും, ദേശീയ പാതയുമായി ബന്ധിക്കുന്ന ആലംകോട് റോഡും സന്ധിക്കുന്ന കിളിമാനൂർ ജംഗ്ഷനിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാതെ വന്നതോടെ രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ സാമൂഹിക വിരുദ്ധർ ഉൾപ്പെടെയുള്ളവരുടെ ആക്രമണ ഭീഷണിയിലാണ്.

ഏഴ് ലക്ഷത്തിലേറെ രൂപ ചെലവിട്ട് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും ഒരു മാസത്തോളമായി പ്രവർത്തന രഹിതമാണ്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ടൗണിൽ വർഷങ്ങൾക്ക് മുൻപ് തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇവയൊക്കെ കഴിഞ്ഞ കുറെ കാലമായി കത്തുന്നില്ല. ടൗൺ ഇരുൾ ആയത് സംബന്ധിച്ച് നാട്ടുകാരും, ടാക്സി ഡ്രൈവർമാരുമൊക്കെ പലവട്ടം അധികൃതർക്ക് പരാതി നൽകിയിരുന്നു. കിളിമാനൂർ ടൗണിനൊപ്പം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി സ്ഥാപിച്ചിട്ടുള്ള ട്യൂബ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും മാസങ്ങളായി പ്രകാശിക്കാതെ കിടക്കുകയാണ്. ഇട റോഡുകളിൽ തെരുവ് വിളക്കുകൾ അണഞ്ഞതോടെ വഴിയാത്രക്കാർ സാമൂഹിക വിരുദ്ധരുടെ ശല്യം നേരിടേണ്ടി വരുന്നതായി ആക്ഷേപമുണ്ട്.

കൊടും ചൂടിൽ മാളം വിട്ടിറങ്ങിയ ഇഴജന്തുക്കളും വഴിയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. ടൗണിൽ മങ്കാട്- ശില്പാ റോഡിൽ മുഴുവൻ തെരുവ് വിളക്കുകളും കത്താതെ കിടക്കുകയാണ്. തെരുവ് വിളക്കുകൾ കത്തിക്കുന്നതിനായി പ്രതിമാസം 3. 5 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇലക്ട്രിക് സിറ്റി ബോർഡിന് അടയ്ക്കുന്നത്. എന്നാൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് അതികൃതർക്ക് യാതൊരു താല്പര്യവും ഇല്ലത്രെ. കെ.എസ്.ടി.പിയുടെ നേതൃത്വത്തിലും തെരുവ് വിളക്കുകൾ സംസ്ഥാന പാതയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയും പ്രകാശിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.