റോഡുവശത്തെ ആൽമരത്തിന് തീ പിടിച്ചു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പുത്തൻ പാലം റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡൻനു സമീപം റോഡു വശത്ത് നിന്ന ആൽ മരത്തിന് തീ പിടിച്ചു. ഇന്ന് പുലർച്ചയോടെ മരത്തിന്റെ മദ്ധ്യ ഭാഗത്തെ ഉണങ്ങിയ ചില്ലയിൽ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തുടർന്നും പുകഞ്ഞു കൊണ്ടിരുന്ന ചില്ല നാട്ടുകാരുടെ സഹായത്തോടെ വലിച്ച് താഴത്തിട്ട് വീണ്ടും തീ പിടുത്തത്തിനുള്ള സാദ്ധ്യത പൂർണമായും ഒഴിവാക്കി. ഇന്നലെ വൈകിട്ട് മരത്തിനു ചുവട്ടിൽ ചവറുകൾ കൂട്ടിയിട്ട് തീയിട്ടിരുന്നു. ഇതിൽ നിന്നു മരത്തിന്റെ ഉണങ്ങിയ പുറം പട്ടയിൽ തീ പിടിച്ച് മുകളിലേക്ക് പടർന്നതായാണ് നിഗമനം.