കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം പൂർണമായി നിലയ്ക്കുമെന്ന് ആശങ്ക

ആറ്റിങ്ങൽ: വാമനപുരം ആറ് വരണ്ടതോടെ കുടിവെള്ളപദ്ധതികൾക്കാവശ്യമായ വെള്ളമെത്തിക്കാൻ പുറത്ത് പമ്പ്‌സെറ്റുകൾ വച്ച് പ്രവർത്തിപ്പിക്കുന്നു. ഈ നില തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ ആറ്റിലെ കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം പൂർണമായി നിലയ്ക്കുമെന്നാണ് ആശങ്ക.

കിളിമാനുർ-പഴയകുന്നുമ്മേൽ-മടവൂർ പഞ്ചായത്തുകളിലേയ്ക്കുള്ള വെള്ളമെടുക്കുന്ന കാരേറ്റ് പമ്പ്ഹൗസിലെ കിണറ്റിലേക്ക് വെള്ളമെത്തിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. പമ്പുഹൗസിൽ നിന്ന് നൂറുമീറ്ററിലധികം മാറിയുള്ള കയത്തിൽ കെട്ടിനില്ക്കുന്ന വെള്ളം പ്രത്യേക പമ്പുകൾ വച്ച് വലിയ കുഴൽവഴി കിണറ്റിലേക്കെത്തിക്കുകയാണിപ്പോൾ. പമ്പ് ഹൗസിന് താഴേയ്ക്ക് ആറ് പൂർണമായി വരണ്ടു.

പമ്പ്ഹൗസ് അരമണിക്കൂർ പ്രവർത്തിപ്പിക്കണമെങ്കിൽ പുറത്തുവച്ചിട്ടുള്ള പമ്പുകൾ എട്ടുമുതൽ പത്തുമണിക്കൂർ വരെ പ്രവർത്തിപ്പിച്ച് വെള്ളം കിണറ്റിലെത്തിക്കണമെന്നതാണ് സ്ഥിതി. ഇതുനിമിത്തം ഈ മേഖലയിൽ ജലവിതരണം രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ആറ്റിങ്ങൽ മൂഴിക്കവിളാകത്ത് പുതിയ ബണ്ട് നിർമിച്ച് പദ്ധതിപ്രദേശത്തെ കയങ്ങളിൽകിടക്കുന്ന വെള്ളം താഴേക്കു പോകാതിരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പൂവമ്പാറ പാലത്തിനുതാഴെയുള്ള സ്ഥിരം തടയണയ്ക്കുമുകളിലാണ് പുതിയ ബണ്ട്. ഇരു തടയണകൾക്കുമിടയിൽ കെട്ടിനില്ക്കുന്ന വെള്ളം പമ്പുകൾ വച്ച് പദ്ധതികളുടെ കിണറുകളിലേയ്ക്കെത്തിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു പറഞ്ഞു. ഇത് എത്രദിവസത്തേക്ക് വിതരണത്തിന് തികയുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

പദ്ധതിപ്രദേശത്തെ കയങ്ങളിൽ കെട്ടിനില്ക്കുന്ന വെള്ളമാണ് ഇപ്പോൾ പമ്പ് ചെയ്തെടുക്കുന്നത്. ഇവിടെയും കിണറുകളിലേക്ക് നേരിട്ട് ഒഴുകിയിറങ്ങാൻ വെള്ളമില്ല. ഓരോ കിണറിലെയും രണ്ടുവാൾവുകളും ജലനിരപ്പിന് മുകളിലായിക്കഴിഞ്ഞു. ഇപ്പോൾ പുറത്ത് പമ്പുസെറ്റുകൾ വച്ചാണ് വെള്ളം കിണറുകളിലെത്തിക്കുന്നത്.

ആറ് വലിയ പദ്ധതികളും 34 ചെറിയപദ്ധതികളുമാണ് ആറ്റിങ്ങൽ ഡിവിഷന്റെ കീഴിൽ വാമനപുരം ആറിനെ മാത്രം ആശ്രയിച്ച് നടപ്പാക്കിയിട്ടുള്ളത്. പുതുതായി രണ്ടുപദ്ധതികൾകൂടി ഉടൻ നടപ്പാക്കും. 2017-ലെ വേനൽക്കാലത്ത് കുടിവെള്ളമെത്തിക്കാനുള്ള നപടികൾക്കായി 60 ലക്ഷം രൂപയാണ് ആറ്റിങ്ങൽ ഡിവിഷനിൽ ചെലവിട്ടത്. ഇത്തവണ ചെലവ് അതിലും കൂടമെന്ന് അധികൃതർ പറയുന്നു. ആറ്റിൽ അണക്കെട്ട് നിർമിച്ച് വെള്ളം സംരക്ഷിക്കാൻ പദ്ധതിയുണ്ടായില്ലെങ്കിൽ വരും വർഷങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. പ്രശ്നപരിഹാരത്തിന് തടയണകൾ നിർമിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ ഒരുപഞ്ചായത്തിലും നടപടികൾ തുടങ്ങിയിട്ടില്ല. കുടിവെള്ളവിതരണത്തിനുള്ള ഫണ്ടുകൾ അനുവദിച്ചിട്ടുള്ളതായാണ് സൂചന. കുഴൽവെള്ളവിതരണത്തിന് കർശനനിയന്ത്രണങ്ങളേർപ്പെടുത്തിക്കഴിഞ്ഞു. പലയിടത്തും നാലുദിവസത്തിലൊരിക്കൽ മാത്രമേ വെള്ളം കിട്ടൂ എന്നതാണ് സ്ഥിതി. കൂടുതൽ പ്രതിസന്ധിയുള്ള മേഖലകളിൽ കുടിവെള്ളമെത്തിക്കാൻ പഞ്ചായത്തധികൃതർ തയ്യാറായില്ലെങ്കിൽ ജനം ദുരിതത്തിലാകും.