വർക്കലയിൽ കുഴൽ കിണർ നിർമ്മാണത്തിനെതിരെ പരാതി

വർക്കല: ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെ നടക്കുന്ന കുഴൽകിണർ നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും പരാതികളുമായി രംഗത്ത്. വർക്കല കണ്ണംബ കരയോഗത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ആറ് സെന്റ് പുരയിടത്തിലാണ് കുഴൽകിണർ കുഴിക്കുന്നത്. സ്പെഷ്യൽ റസിഡന്റ്സ് നിർമ്മാണം എന്ന പേരിൽ ഫ്ലാറ്റ് സമുച്ചയത്തിനു വേണ്ടിയാണ് നിയമം കാറ്റിൽ പറത്തി കുഴൽകിണർ നിർമ്മിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇത് പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കുഴൽകിണർ നിർമ്മിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റും അറിയിച്ചിട്ടുണ്ട്. പരാതികളെ തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകുകയും പൊലീസ് ഇടപെട്ട് പണി നിർത്തി വയ്പ്പിക്കുകയും ചെയ്തു. എന്നാൽ അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും നിയമം ലംഘിച്ച് കുഴൽകിണർ നിർമ്മാണം നടക്കുന്നതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.