വർക്കല ഗവ ആശുപത്രിയിൽ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം, 2 പേർ അറസ്റ്റിൽ

വർക്കല : വർക്കല ഗവ ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡോക്ടറുടെ മുന്നിൽ വച്ച് വർക്കല കണ്ണമ്പ പ്ലാവില വീട്ടിൽ വിനീഷ്(29)നെ ഉളി ഉപയോഗിച്ച് നെഞ്ചിലും മുതുകിലും കാൽ തുടകളിലും അടക്കം 13 മുറിവുകളുണ്ടാക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

ഇടവാ സംഘംമുക്കിൽ വയലിൽതൊടി വീട്ടിൽ പ്രകാശന്റെ മകൻ സജീവ് (39) കുരക്കണ്ണി സരസ് വീട്ടിൽ പ്രകാശന്റെ മകൻ രാജീവ് (34) എന്നീ സഹോദരങ്ങളെയാണ് അറസ്റ്റ് ചെയ്തത്.

വർക്കല പുന്നമൂട് വെട്ടുകുളം ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്ക് തർക്കം മൂലം ഉണ്ടായ വൈരാഗ്യമാണ് വിനീഷിനെ ആക്രമിക്കാനുള്ള കാരണം. ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് വിനീഷിനെ മർദ്ദിച്ച പ്രതികൾ വിനീഷ് പോലീസിൽ പരാതി നൽകി ആശുപത്രിയിൽ ചികിത്സക്ക് പോയതറിഞ്ഞ് പിന്തുടർന്ന് ആശുപത്രിയിലെത്തി കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നേരത്തെയും നിരവധി കേസുകളിൽ പ്രതികളായ സജീവനും രാജീവനുമെതിരെ വർക്കല കോടതിയിൽ വാറണ്ട് നിലവിലുണ്ട്. പരിക്കേറ്റ വിനീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസ് തിരച്ചിൽ ഊർജ്ജമാക്കി അതിനെത്തുടർന്ന് മംഗലാപുരത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ വർക്കല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി ഗോപകുമാർ, എസ് ഐ മാരായ ശ്യാംജി, ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുരളീധരൻപിള്ള, സിവിൽ പോലീസ് ഓഫീസർ രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘം കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.