ഈ ടൂറിസം സീസണും വർക്കലയ്ക്ക് നൽകുന്നത് നിരാശ…

വർക്കല : വർക്കല പാപനാശത്ത് ഇത്തവണത്തെ ടൂറിസം സീസൺ സമ്മാനിക്കുന്നത് കടുത്ത നിരാശ. വിദേശസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും അവസാനഘട്ടത്തിലും സീസൺ ഉണർവില്ലാതെയാണ് കടന്നുപോകുന്നത്. നോട്ട് നിരോധനവും നിപയുമാണ് കഴിഞ്ഞ സീസണെ പ്രതികൂലമായി ബാധിച്ചതെങ്കിൽ ഇത്തവണ പ്രളയവും ജി.എസ്.ടി.യുമാണ് തിരിച്ചടിയായത്. സഞ്ചാരികൾ അകലുന്നതുകാരണം കഴിഞ്ഞ അഞ്ചുവർഷമായി വർക്കലയുടെ വിനോദസഞ്ചാര മേഖലയുടെ ഗ്രാഫ് താഴേക്കാണ്.

എല്ലാവർഷവും അവധിക്കാലം ആസ്വദിക്കാൻ വർക്കലയിൽ എത്തിയിരുന്ന സഞ്ചാരികൾ വിവിധ കാരണങ്ങളാൽ യാത്ര മറ്റ് രാജ്യങ്ങളിലേക്കു മാറ്റുകയാണ്. ചെലവുകുറവായ ശ്രീലങ്ക, ബാലിദ്വീപ്, തായ്ലാൻഡ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സഞ്ചാരികൾ പോകുന്നത്. വർക്കല മേഖലയിൽ ഹോംസ്റ്റേയടക്കം വലുതും ചെറുതുമായി 400-ഓളം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ചിലക്കൂർ മുതൽ ഇടവ വെറ്റക്കട വരെയുള്ള ഭാഗത്തുള്ള റിസോർട്ടുകളിൽ ഭൂരിഭാഗത്തിനും നിലനിന്നുപോകാനുള്ള ബിസിനസ്പോലും നടക്കുന്നില്ല.

സ്വന്തമായി ബിസിനസ് നടത്തിയിരുന്ന പലരും സ്ഥലവും സ്ഥാപനവും ലീസിന് നൽകിയിരിക്കയാണ്. ലീസിനെടുക്കുന്നവർ ബിസിനസ് നടക്കാതെ കടക്കെണിയിലുമാകുന്നു. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളായിരുന്നു വർക്കലയുടെ പ്രതീക്ഷ. നന്നായി പണം ചെലവഴിച്ചിരുന്ന ഇവരെത്തിയാൽ ടൂറിസം മേഖലയിൽ മാറ്റം പ്രകടമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അവരുടെ എണ്ണം 20 ശതമാനമായി കുറഞ്ഞു. റഷ്യ, ഇസ്രായേൽ, ഹീബ്രു തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇപ്പോൾ കൂടുതൽ സഞ്ചാരികൾ എത്തുന്നത്.

ഇവരിൽ ഭൂരിഭാഗവും ഹോംേസ്റ്റയിലടക്കം ചെലവുചുരുക്കി ജീവിക്കുന്നവരാണ്. കാഴ്ചയിൽ വിദേശികൾ എത്തുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ബിസിനസ് നടക്കാറില്ല. ആഭ്യന്തര ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് പല റിസോർട്ടുകളും റെസ്റ്റോറന്റുകളും ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. ടൂറിസ്റ്റുകളുടെ ബുക്കിങ് നടക്കുന്ന സമയത്താണ് ഇത്തവണ പ്രളയമുണ്ടായത്. അതിനാൽ നിരവധി ബുക്കിങ് നഷ്ടപ്പെട്ടു. ജി.എസ്.ടി. നടപ്പാക്കിയത് റിസോർട്ട് മേഖലയെ ദോഷകരമായി ബാധിച്ചു. ജി.എസ്.ടി. സ്ലാബ് വ്യത്യാസമനുസരിച്ച് താമസസൗകര്യത്തിന് െചലവേറി. താമസസൗകര്യം 7500 രൂപയ്ക്ക് മുകളിലായാൽ 28 ശതമാനം ജി.എസ്.ടി. നൽകേണ്ടിവരുന്നു.