വർക്കലയിൽ സ്ഥാനാർഥിയെ വരവേൽക്കാൻ പൊട്ടിച്ച പടക്കം വാഴത്തോട്ടം കരിച്ചു

വർക്കല: വർക്കല താഴെ വെട്ടൂർ റോഡിൽ തച്ചൻകോണത്ത് സ്ഥാനാർഥിയെ സ്വീകരിക്കാൻ പൊട്ടിച്ച പടക്കത്തിൽ നിന്നു തീപടർന്നു റോഡരികിലുള്ള വാഴത്തോട്ടം ഭാഗികമായി കത്തിനശിച്ചു.  പര്യടനം നടത്തിയ ബിജെപി സ്ഥാനാർഥിയെ വരവേറ്റ് പടക്കം പൊട്ടിച്ചു പ്രവർത്തകർ കടന്നുപോയ വേളയിലാണ് തീപടരുന്നതു പരിസരവാസികൾ ശ്രദ്ധിച്ചത്. ഉടനെ വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതെ കെടുത്തി.

തീപടർന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കയർ ഉൽപ്പന്നങ്ങൾ അടങ്ങിയ സാധനങ്ങളും കാറും സൂക്ഷിച്ചിരുന്നു. തീപടർന്നാൽ ഗോഡൗണിൽ അപകടസാധ്യത ഉണ്ടായേനെ എന്നാണ് ഫയർ ഫോഴ്സ് പറയുന്നത്.