വിഷു ‘കണിക്കൂടാരം’ ഒരുക്കി ജൈവകർഷകൻ

നന്ദിയോട് : വിഷുവിന്റെ വരവറിയിച്ച് പയറും ചീരയും വാഴയുമൊക്കെ നിറഞ്ഞു നില്ക്കുന്ന കൃഷിത്തോട്ടത്തിൽ കണിയൊരുക്കി ജൈവ കർഷകന്റെ വേറിട്ട മാതൃക. ഉരുക്കളെ കണി കണ്ടിരുന്ന കാലത്തിന്റെ ഓർമ്മയ്ക്കായി തന്റെ പശുവിനേയും കർഷകൻ കണിയായി സമർപ്പിച്ചു. ”കണിക്കൂടാരം” എന്ന് പേരിട്ട സുന്ദരക്കാഴ്ച കാണാൻ കുട്ടികളും കൃഷിഭവൻ ജീവനക്കാരുമെത്തി. നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പൗവത്തൂർ ഏലായിൽ പാരമ്പര്യ കർഷകൻ പുരുഷോത്തമൻ നായരാണ് വിഷുവിന്റെ സന്ദേശം വിളംബരം ചെയ്ത് സ്വന്തം കൃഷിയിടത്തിൽ കുട്ടികൾക്കായി വേറിട്ട കണി ഒരുക്കിയത്. പശുക്കളെ കുറിയണിയിച്ച് അണിനിരത്തി കുട്ടികൾക്കായി ഒരുക്കിയ വിഷുക്കണി ഹരിത കേരളത്തിന് സമർപ്പിക്കുന്നതായി നന്ദിയോട് കൃഷി ആഫീസർ എസ്. ജയകുമാർ പറഞ്ഞു. രണ്ടേക്കറിലേ പച്ചക്കറി, വാഴ കൃഷിക്ക് പുറമെ പതിനെട്ട് പശുക്കളെയും പുരുഷോത്തമൻ നായർ പരിപാലിക്കുന്നുണ്ട്. 46 കുടുംബങ്ങൾക്ക് ശുദ്ധമായ പാൽ നൽകുന്നുണ്ട് ഇദ്ദേഹം. തലയെടുപ്പുള്ള ഒരു പശു വേനൽ ചൂട് സഹിക്കാനാകാതെ തളർന്നുവീണ് ചത്തിരുന്നു. ഈയിനത്തിൽ എൺപത്തയ്യായിരം രൂപയുടെ നഷ്ടമാണുണ്ടായത്. എങ്കിലും പശുവളർത്തൽ ഉൾപ്പടെ കാർഷിക വൃത്തിയിൽ നിന്ന് പിന്മാറാൻ ഈ കർഷകൻ തയാറല്ല. സ്ഥലത്തെ മറ്റു പാരമ്പര്യ കർഷകരായ സുദർശനൻ നായർ, ബാലകൃഷ്ണൻ നായർ,യെശയ്യ എന്നിവരും ഗ്രാമപഞ്ചായത്തംഗം എം. ഉദയകുമാർ, ജൈവകൃഷി കോ- ഓർഡിനേറ്റർ ശ്രീജിത്ത് ബി.എസ് എന്നിവരും നല്ക്കണി കാണാനെത്തിയിരുന്നു.