ആറ്റിങ്ങൽ,​ ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണ ജോലികൾ 15,​ 16 തീയതികളിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിലെ ചിറയിൻകീഴ് താലൂക്ക് പരിധിയിലുള്ള ആറ്റിങ്ങൽ,​ ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങളിൽ എത്തിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണ ജോലികൾ 15,​ 16 തീയതികളിൽ ഗവ. ബോയിസ് ഹൈസ്കൂളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു. സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ച ബാലറ്റ് പേപ്പർ വോട്ടിംഗ് മെഷീനിലെ ബാലറ്റ് യൂണിറ്റിൽ ക്രമീകരിച്ച് സ്ഥാനാർത്ഥികളുടെ എണ്ണം കൺട്രോൾ യൂണിറ്റിൽ സെറ്റുചെയ്യുന്നതാണ് നടപടി.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം എല്ലാ മെഷീനിലും എല്ലാ സ്ഥാനാർത്ഥികൾക്കും നോട്ടയ്ക്കും ഓരോ വോട്ട് വീതം മോക്ക് പോൾ നടത്തി കൃത്യത ഉറപ്പു വരുത്തും. സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ മണ്ഡലങ്ങളിലേക്ക് അനുവദിച്ചവയിൽ 5 ശതമാനം മെഷീനുകളിൽ 1000 വോട്ട് വീതം മോക്ക് പോൾ ചെയ്ത് വിവിപാറ്റ് മെഷീനിലെ പേപ്പർ അക്കൗണ്ടും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ റിസൾട്ടും തമ്മിൽ ഒത്തുനോക്കി കൃത്യത വരുത്തി സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുകയും ചെയ്യും. അതത് അസംബ്ലി നിയോജക മണ്ഡലത്തിന്റെ വരണാധികാരികളുടെ മേൽനോട്ടത്തിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ,​ ഒബ്സർവർ,​ തഹസിൽദാർ,​ ഇലക്ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യയുടെ എൻജിനിയർമാർ,​ സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വോട്ടിംഗ് മെഷീന്റെ കമ്മിഷനിംഗ്. കമ്മിഷനിംഗ് നടക്കുന്ന ഹാളിനുള്ളിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ല. പൊലീസ് സുരക്ഷ ഉറപ്പു വരുത്തുമെന്നും ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ തഹസിൽദാർ പറഞ്ഞു.