അറവുമാലിന്യം ചാക്കിലാക്കി ഓടയിൽ തള്ളി

മലയിൻകീഴ്: കരിപ്പൂര് പെട്രോൾ പമ്പിന് എതിർവശത്ത് ജനവാസമേഖലയിൽ ഓടയിൽ അറവുമാലിന്യം തള്ളി. പത്തുചാക്കുകളിലാണ് മാലിന്യം കൊണ്ടിട്ടത്. മഴയിൽ മാലിന്യം ചീഞ്ഞഴുകി ദുർഗന്ധവും ഈച്ചയും പരക്കുകയാണിവിടെ.

മുൻകാലങ്ങളിൽ പതിവായിരുന്ന മാലിന്യംതള്ളൽ ഇടക്കാലത്ത് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് അവസാനിച്ചിരുന്നു. ഇതാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്.
ഓടയിലെ വെള്ളം സമീപത്തെ നീർച്ചാലിലൂടെ ഒഴുകി വിളവൂർക്കൽ തോട്ടിലെത്തുന്നുണ്ട്. ഇത് സമീപത്തെ കിണറുകളെ മലിനമാക്കും. സ്ഥലത്ത് സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.