ജലനിരപ്പ് താഴുന്നു, കർശന നിയന്ത്രണങ്ങൾ

ആറ്റിങ്ങൽ: വാമനപുരം ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ആശങ്കയുയർത്തുന്നു. ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ കുടിവെള്ളവിതരണത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ അധികൃതർ തീമാനിച്ചിട്ടുണ്ട്. ഒഴുകിയെത്താൻ വെള്ളമില്ലാത്ത സാഹചര്യത്തിൽ ഉള്ളവെള്ളം ഒഴുകിപ്പോകാതിരിക്കാനുള്ള നടപടികളും തുടങ്ങി.

ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ കുടിവെള്ളപദ്ധതികളുടെ പ്രവർത്തനമാണ് അവതാളത്തിലായിരിക്കുന്നത്. എല്ലാ പദ്ധതിയുടെയും ഓരോ വാൽവ്‌ ജലനിരപ്പിന് മുകളിലായിട്ടുണ്ട്. ഒരുവാൽവിലൂടെയുള്ള വെള്ളമാണ് ഇപ്പോൾ കിണറ്റിലെത്തി പമ്പ് ചെയ്തെടുക്കുന്നത്. ജലനിരപ്പ് ഓരോ ദിവസവും ഏഴ് സെന്റീ മീറ്ററോളം താഴുന്നുണ്ട്. ഈ നിലയ്ക്ക് ജലനിരപ്പ് താഴ്ന്നാൽ ദിവസങ്ങൾകൊണ്ട് ആറ് പൂർണമായി വറ്റിപ്പോകുന്ന സ്ഥിതിയാണുള്ളത്.

ആറ്റിൽ ഒഴുക്കു നിലച്ചിട്ട് ആഴ്ചകളായി. ഇപ്പോൾ പദ്ധതിപ്രദേശത്ത് കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണുള്ളത്.പൂവമ്പാറയിലെ തടയണയ്ക്കുമുകളിൽ പദ്ധതികൾ പ്രവർത്തിക്കുന്ന മുള്ളിയിൽക്കടവിനു സമീപം താത്‌കാലിക ബണ്ടുയർത്തി വെള്ളം തടഞ്ഞുനിർത്താനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. പദ്ധതിപ്രദേശത്തു പരമാവധി ജലം ഉറപ്പാക്കാൻവേണ്ടിയാണിപ്രകാരം ചെയ്തിട്ടുള്ളത്.

ആറ്റിങ്ങൽ നഗരസഭാ പ്രദേശത്തേക്കും അഞ്ചുതെങ്ങു മേഖലയ്ക്കുംവേണ്ടി ദിവസവും 56-ദശലക്ഷം ലിറ്റർ വെള്ളം പമ്പുചെയ്തെടുക്കുന്നുണ്ട്.

വർക്കലയ്ക്കുവേണ്ടി 19-ദശലക്ഷവും കരവാരം പദ്ധതിക്കായി 1.5-ദശലക്ഷവും കഴക്കൂട്ടം മേനംകുളം പദ്ധതിക്കായി 10-ദശലക്ഷവും കിളിമാനൂർ പദ്ധതിക്കായി 10-ദശലക്ഷവും ലിറ്റർ വെള്ളം പമ്പുചെയ്തെടുക്കുന്നുണ്ട്. വെള്ളം കുറയുന്നത് ഈ പദ്ധതികളെയൊന്നാകെ ബാധിക്കും.

വേനൽ കനത്തതോടെ മിക്ക പ്രദേശങ്ങളും വരൾച്ചയുടെ പിടിയിലാണ്. കുഴൽവെള്ളത്തെ ആളുകൾ കൂടുതലായി ആശ്രയിച്ചുതുടങ്ങിയതോടെ ജലവിനിയോഗത്തിൽ വൻ വർധന വന്നിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതും പ്രതിസന്ധി വഷളാക്കുന്നുണ്ട്. ഇതേത്തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയുടെ പകുതിയിലധികം പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാമനപുരം ആറിനെയാണ്. ഇതിൽ അണക്കെട്ടുവേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ടുവർഷം മുൻപുണ്ടായ കൊടും വരൾച്ചയെത്തുടർന്ന് തടയണകൾ നിർമിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടപ്പായില്ല. ഇതെങ്കിലും നടപ്പായിരുന്നെങ്കിൽ കുറേദിവസംകൂടി പിടിച്ചുനില്ക്കാനുള്ള വെള്ളം കിട്ടുമായിരുന്നു.

ആറ്റിങ്ങൽ, വർക്കല താലൂക്കുകളിലെ ജലവിതരണം നിശ്ചിതദിവസങ്ങളിൽ ക്രമീകരിച്ചതായി എക്സിക്യുട്ടീവ്‌ എൻജിനീയർ അറിയിച്ചു. ജല ചൂഷണം, ദുർവിനിയോഗം എന്നിവയ്ക്കെതിരേ കർശന നടപടിയുണ്ടാകും. വാൽവുകൾ പൊതുജനങ്ങൾ പ്രവർത്തിപ്പിക്കാൻ പാടില്ല. ഇത് ക്രിമിനൽക്കുറ്റമായി പരിഗണിച്ച് നടപടിയെടുക്കും.

ജലദുർവിനിയോഗം തടയുന്നതിനായി ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിൽ കൺട്രോൾറൂം തുറന്നു. വിവരങ്ങൾ 9188127945, 0470-2620574 എന്നീ നമ്പരുകളിൽ അറിയിക്കാം.