കിളിമാനൂരിൽ നൂറോളം കുടുംബങ്ങൾ സമരത്തിന്, കാരണം ഇതാണ്….

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തോപ്പിൽ പട്ടികജാതി കോളനിയിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമത്തെ തുടർന്ന് സമരത്തിനിറങ്ങുന്നത്. നേരത്തേ കുടിവെള്ള വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികൾ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ പതിനഞ്ച് ദിവസത്തിനകം പരിഹാരം നൽകാമെന്ന് അധികാരികൾ വാക്ക് നൽകിയിരുന്നു. എന്നാൽ കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും വാക്കു പാലിക്കാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൂറോളം വരുന്ന പട്ടിക ജാതി കുടുംബങ്ങൾ കുടിവെള്ളത്തിനായി രാപ്പകൽ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

2014ൽ സമഗ്ര കോളനി വികസന പദ്ധതിക്കായി സംസ്ഥാന സർക്കാർ ഓരോ കോടി രൂപ വീതം കോളനികൾക്ക് അനുവദിച്ചപ്പോൾ തോപ്പിൽ കോളനിയും അതിൽ ഉൾപ്പെട്ടിരുന്നു .കോളനി സമ്പൂർണ വൈദ്യുതീകരണത്തിനായി ട്രാൻസ്ഫോർമർ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചെന്നല്ലാതെ മറ്റ് പ്രവർത്തനങ്ങൾ ഒന്നും ചെയ്തിട്ടില്ലന്ന് കോളനിക്കാർ ആരോപിക്കുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് തോപ്പിൽ കോളനി. വേനൽ അല്ലാത്തപ്പോൾ പോലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ഇവിടെ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് എസ്‌.രാജലക്ഷ്മി അമ്മാൾ പറയുന്നത് നിലവിൽ 150 ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ഒരു ഭാഗത്തുള്ളവർക്ക് ഒരു കുഴൽ കിണർ സ്ഥാപിച്ച് കുടിവെള്ള വിതരണം നൽകിത്തുടങ്ങി, മുഴുവൻ പേർക്കും അതിൽ നിന്ന് നൽകാൻ കഴിയാത്തതിനാൽ ഇലക്ഷനു ശേഷം ഒരു കുഴൽ കിണർ കൂടി സ്ഥാപിക്കുകയോ, വാമനപുരം നദിയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതി പ്രകാരം ലൈൻ പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം നൽകുകയോ ചെയ്യുമെന്നാണ്.