ഇവിടെ കുടിവെള്ളത്തിന് നെട്ടോട്ടം

വാമനപുരം: വേനലിന്റെ കാഠിന്യം ദിനംപ്രതി വർദ്ധിക്കുന്നതോടൊപ്പം വാമനപുരം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഈ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടുന്നത് നാലും അഞ്ചും ദിവസങ്ങൾ കൂടുമ്പോൾ മാത്രമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വാമനപുരം നദിയിൽ പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളിൽ പലതും ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുകയാണ്. ഇതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. വേനൽ കടുത്തതോടെ പ്രദേശത്തെ കിണറുകളും, തോടുകളും വറ്റിവരണ്ടിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകൾ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ ഒന്നും ഇവിടെ ഫലപ്രദമാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ ഫണ്ട് കിട്ടുന്നതിനുള്ള കാലതാമസം കാരണമാണ് ഈ അവസ്ഥയെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. കളക്ടർ അടിയന്തരമായി ഇടപെട്ട് ഫണ്ട് തടസം ഇല്ലാതെ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവിക്കുന്നത് വെമ്പായം പഞ്ചായത്തിലെ മദപുരം, ചീരാണിക്കര, മൊട്ടമൂട് തുടങ്ങിയ സ്ഥലങ്ങളിലും, മാണിക്കലിലെ മൊട്ടക്കാവ്, നൂറ് ഏക്കർ തുടങ്ങിയ സ്ഥലങ്ങളിലുമാണ്. പാങ്ങോട്, കല്ലറ പഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമാണ്. പാങ്ങോട് പഞ്ചായത്തിലെ പുളിക്കര കുന്ന് കോളനിയിലെ രണ്ട് കുടിവെള്ള പദ്ധതികളും പ്രവർത്തനരഹിതമായിട്ട് ഒരു മാസത്തോളം ആയി. നാല്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കുടിവെള്ളത്തിനായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ അധികൃതർ എത്രയും വേഗം കൈക്കൊള്ളണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.