വെള്ളത്തിന് നെട്ടോട്ടം :പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു

ആനാട് : ആനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ജനം നട്ടം തിരിയുമ്പോൾ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത് നിത്യസംഭവം. പഞ്ചായത്താഫീസ് ജംഗ്‌ഷൻ, ബാങ്ക് ജംഗ്‌ഷൻ, സ്‌കൂൾ ജംഗ്‌ഷൻ, നാഗച്ചേരി തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടൽ പതിവായിരിക്കുന്നത്. ഹൗസ് കണക്‌ഷനുകൾ ഉൾപ്പെടെ ഇരുപത്തയ്യായിരത്തോളം ഉപഭോക്താക്കളുള്ള പ്രദേശത്താണ് ഈ സ്ഥിതി തുടരുന്നത്. അറ്റകുറ്റപ്പണി നടത്തി ചോർച്ച തടയുന്നതിന് പിന്നാലെ അടുത്ത ഭാഗം പൊട്ടുകയാണ് പതിവ്. കാലപ്പഴക്കം ചെന്ന എ.സി പൈപ്പുകൾ മാറ്റി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡി.ഐ കുഴലുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷം രൂപ അനുവദിച്ചെങ്കിലും അടിക്കടിയുള്ള അറ്റകുറ്റപ്പണി നടത്താൻ പണമില്ലാത്ത അവസ്ഥയാണിപ്പോൾ. ചുള്ളിമാനൂർ ജംഗ്‌ഷൻ മുതൽ ആനാട് ബി.എസ്.എൻ.എൽ ഓഫീസിന് മുൻവശം വരെ ഒരു കിലോമീറ്ററാണ് പുതിയ പൈപ്പ് ലൈൻ വരുന്നത്. ഇതിനിടയിലുള്ള ഉയർന്ന പ്രദേശങ്ങളിൽ പൈപ്പ് വെള്ളം കിട്ടുന്നില്ല. കല്ലടക്കുന്ന് കോളനിയിലെ നൂറ്റമ്പതോളം കുടുംബങ്ങൾ വേനൽ മഴ പെയ്തിട്ടും ദാഹജലത്തിനായി അലയുകയാണ്. കിണറുകൾ വറ്റിവരണ്ട ഇവിടെ കുഴൽക്കിണറുകൾ നോക്കുകുത്തി. ആലംകോട്, ഏണിയോട്ടുകോണം, ചന്ദ്രമംഗലം, കൂപ്പ് എന്നിവിടങ്ങളിലും ഇതാണവസ്ഥ. വഞ്ചുവത്തിന് സമീപത്തെ ആറാംപള്ളി തോട്ടിൽ നിന്നുള്ള വെള്ളമാണ് നിലവിലെ പൈപ്പ് ലൈനിന് ആശ്രയം. നാഗച്ചേരി, പുത്തൻപാലം, മൂഴി തുടങ്ങിയ ജനവാസ മേഖലകളിലും ഈ ലൈനിൽ നിന്ന് വേണം വെള്ളം നൽകാൻ. ഒന്നിട വിട്ട ദിവസങ്ങളിലാണ് ലൈനിൽ വെള്ളമൊഴുക്കുന്നത്. വേനലായാൽ അതും നിലയ്ക്കും. ഇവിടെ ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ അര ടാങ്ക് നിറയാനുള്ള വെള്ളം പോലും തോട്ടിൽ നിന്ന് ലഭിക്കുന്നില്ല. ടാങ്ക് സ്ഥിതിചെയ്യുന്ന ആറാംപള്ളിയിലും പൈപ്പ്‌വെള്ളം കിട്ടാറില്ല. ചോർച്ചയേറിയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ മൂന്ന് വർഷം മുമ്പ് ഇറക്കിയ കുഴലുകൾ പഞ്ചായത്തോഫീസ് ജംഗ്‌ഷനിൽ കൂട്ടിയിട്ടിരിപ്പാണ്. അറ്റകുറ്റപ്പണി ആരംഭിച്ചതായും ഒരു കിലോമീറ്റർ പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ ഉടൻ പൂർത്തിയാക്കുമെന്നും വാട്ടർ അതോറിട്ടി നെടുമങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ സുധീഷ് പറഞ്ഞു.

സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്ക് രൂപം നൽകി പ്രവർത്തനം ആരംഭിച്ചെങ്കിലും പാതി വഴിയിലാണ്. ആനാടിനു പുറമെ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി സംഭരണ ടാങ്കുകൾ സ്ഥാപിക്കാൻ ആനാട് പഞ്ചായത്ത് തിരിച്ചിട്ടപ്പാറയിലും പച്ചമലയിലും ഭൂമി ഏറ്റെടുത്ത് വാട്ടർ അതോറിട്ടിക്ക് കൈമാറിയിരുന്നു. എന്നാൽ, ടാങ്ക് നിർമ്മാണ പ്രവർത്തനം ഇതേവരെ ആരംഭിച്ചിട്ടില്ല. പ്രോജക്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാൽ, യഥാസമയം ഫണ്ട് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് നിർമ്മാണ പ്രവർത്തനം ഇഴയാൻ കാരണമെന്ന് പ്രോജക്ട് ഉദ്യോഗസ്ഥർ പറയുന്നു.