യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മണ്ഡലം പ്രസിഡന്റ്‌  നിരാഹാരസമരം നടത്തി

പുല്ലമ്പാറ :പുല്ലമ്പാറയിൽ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മണ്ഡലം പ്രസിഡന്റ്‌  നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുമുന്നിൽ നിരാഹാരസമരം നടത്തി. യൂത്ത് കോൺഗ്രസ് പുല്ലമ്പാറ മണ്ഡലം പ്രസിഡന്റ‌്‌ അംജിത്താണ് യുഡിഎഫ് വാമനപുരം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുമുന്നിൽ നിരാഹാരസമരം നടത്തിയത്. തിങ്കളാ‌ഴ‌്ച പകൽ പനവൂർ പമ്പിന് സമീപത്തുവച്ച് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന  വാക്കുതർക്കം പിന്നീട് അടിപിടിയിൽ കലാശിക്കുകയും ചെയ‌്തിരുന്നത്രെ. അക്രമത്തിൽ കഴുത്തിന് പരിക്കേറ്റ‌് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അംജിത്തിനെ പുല്ലമ്പാറയിലെ കോൺഗ്രസിലെ ജില്ലാനേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് സസ്പെൻഡ‌് ചെയ്തെന്നും പുറത്താക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഉൾപ്പെടെ അലങ്കോലപ്പെടുത്തുമെന്ന‌് സ്ഥാനാർഥിയെയും  നേതാക്കളെയും ഇവർ ഭീഷണിപ്പെടുത്തുകയും ചെയ‌്തിരുന്നതായും ആരോപണമുണ്ട്.

ഇതോടെയാണ് അംജിത്തിനെ പുറത്താക്കിയതത്രെ. നേതൃത്വത്തിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച്  വനിതകൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം വരുന്ന പ്രവർത്തകരോടൊപ്പം അംജിത്ത് വെഞ്ഞാറമൂട്ടിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുമുന്നിൽ നിരാഹാരസമരം നടത്തുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ  സംഭവം അറിഞ്ഞതോടെ കൂടുതൽ പേർ ഓഫീസിനുമുന്നിൽ തടിച്ചുകൂടി. മണ്ഡലം പ്രസിഡന്റിനെതിരായ നടപടി യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും പുതിയ വിവാദങ്ങൾക്ക‌് കാരണമായിട്ടുണ്ട്.