ആനാട് പഞ്ചായത്തിലെ വട്ടറത്തല ഏലായും അപ്രത്യക്ഷമാവുന്നു

ആനാട്  : ഒരുകാലത്ത് സജീവമായി നെൽകൃഷി നടന്നിരുന്ന ആനാട് പഞ്ചായത്തിലെ വട്ടറത്തല ഏലായും അപ്രത്യക്ഷമാവുന്നു. അവശേഷിക്കുന്ന വയലുകൾ മണ്ണിട്ടു മൂടുന്നതിന്റെ തിരക്കിലാണ് അധികൃതർ. ആനാട് വില്ലേജിൽ ഉൾപ്പെട്ട വട്ടറത്തല, ഊന്നുപാലം പ്രദേശങ്ങളിലാണ് നിലം നികത്തൽ വ്യാപകമായി നടക്കുന്നത്. ഹെക്ടർ കണക്കിനു വയലുകളുണ്ടായിരുന്ന ഈ പ്രദേശത്തിന്റെ പകുതിയിലധികവും കരഭൂമിയായിക്കഴിഞ്ഞു. ഇതിനെതിരെ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരികയും വയലുകൾ സംരക്ഷിച്ചു നിറുത്തുകയും ചെയ്തെങ്കിലും റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീണ്ടും നിലംനികത്തുന്നതായാണ് പരാതി ഉയരുന്നത്. ഊന്നുപാലം പാട്ടത്തിൽ നടറോഡിന്റെ വശത്തുള്ള ഏക്കറുകണക്കിനു വയലിപ്പോൾ മണ്ണിട്ടു നികത്തി കൊണ്ടിരിക്കുകയാണ്. കെ.എസ്.കെ.ടി.യു, പി.കെ.എസ് എന്നീ സംഘടനകൾ ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്കി. എത്രയും വേഗം ഇതിനു പരിഹാരമുണ്ടാക്കാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി രംഗത്തു വരുമെന്ന് പി.കെ.എസ് ഏരിയ പ്രസിഡന്റ് വടക്കേക്കോണം ബാബുവും കെ.എസ്.കെ.ടി.യു മൂഴി മേഖലാ സെക്രട്ടറി കൊല്ലങ്കാവ് അനിലും അറിയിച്ചു.