സ്കൂട്ടർ യാത്രികൻ അപകടത്തിൽപെട്ടു, രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പരാതി

കണിയാപുരം : വാഹനാപകടത്തിൽപ്പെട്ട കെട്ടിട നിർമ്മാണ കരാറുകാരന്റെ സ്‌കൂട്ടറിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്നതായി പരാതി. ശ്രീകാര്യം അലത്തറ കിഴക്കേ ഉപ്പാച്ചിവീട്ടിൽ എസ്. റോയിയുടെ (42) പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9ന് ദേശീയപാതയിൽ കണിയാപുരം പെട്രോൾ പമ്പിന് സമീപം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന റോയിയുടെ സ്‌കൂട്ടറിൽ അമിതവേഗതയിൽ എതിരേ വന്ന ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. വലതുകാൽ പൂർണമായി തകർന്ന് ഗുരുതരമായി പരിക്കേറ്റ റോയിയെ നാട്ടുകാരും ഹൈവേ പൊലീസും ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അടിയന്തര സർജറിക്ക്‌ ശേഷം ഐ.സി.യുവിൽ റോയി ചികിത്സയിലാണ്. വീട് പണികൾ നടക്കുന്ന മൂന്നിടത്തെ ഉടമസ്ഥരിൽ നിന്ന് തൊഴിലാളികൾക്ക് ശമ്പളം നൽകാനും കെട്ടിട നിർമ്മാണ സാധനങ്ങൾ വാങ്ങിയ ഇനത്തിൽ കടകൾക്ക് നൽകാനുള്ള തുകയും ചേർന്നുള്ള രണ്ടരലക്ഷം രൂപയായിരുന്നു ഇത്. പണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്‌കൂട്ടറിന്റെ സീറ്റിന് താഴത്തെ അറയിൽ പൂട്ടി അലത്തറയിലെ വീട്ടിലിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

അന്നുരാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ബന്ധുക്കളോട് സ്‌കൂട്ടറിൽ പണം വച്ചിട്ടുള്ള വിവരം റോയി പറയുകയും രണ്ട് ബന്ധുക്കളെ അപകടം നടന്ന സ്ഥലത്തേക്ക് പറഞ്ഞുവിടുകയും ചെയ്‌തിരുന്നു. അപകടം നടന്നിടത്തെത്തിയ ബന്ധുക്കൾ സ്‌കൂട്ടർ ലോക്ക് ചെയ്‌ത നിലയിൽ റോഡിന്റെ സമീപത്ത് വച്ചിരിക്കുന്നതായി കണ്ടു. വണ്ടിയുടെ താക്കോൽ മംഗലപുരം പൊലീസിന്റെ കൈയിലാണെന്നറിഞ്ഞ ബന്ധുക്കൾ സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. ബന്ധുക്കളോടൊപ്പം താക്കോലുമായെത്തിയ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാർ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടത്. തുടർന്നാണ് ബന്ധുക്കൾ മംഗലപുരം സി.ഐക്ക് പരാതി നൽകിയത്.