എയർപോർട്ട് പരിസരത്ത് വീണ്ടും രാത്രികാല വാഹനപരിശോധന: നിരവധി വ്യാജ ടാക്‌സികൾ പിടികൂടി

തിരുവനന്തപുരം : സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എയർപോർട്ട് പരിസരത്ത് വീണ്ടും രാത്രികാല വാഹനപരിശോധന ശക്തമാക്കി. രാത്രിയുടെ മറവിൽ നിരവധി വ്യാജ ടാക്സികളാണ് സർവീസ് നടത്തിവരുന്നതെന്നു ചൂണ്ടിക്കാട്ടി സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മ നേരത്തെതന്നെ അധികാരികൾക്ക് പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒരുമാസത്തിനു മുൻപ് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ മുപ്പതോളം വ്യാജടാക്സികളും, മതിയായ രേഖകളില്ലാത്തതും നിയമം അനുശാസിക്കാത്ത രീതിയിലുള്ള മഞ്ഞ ലൈറ്റ്, ക്രാഷ്ഗാർഡ്,സൺഫിലിം മുതലായവ അടങ്ങിയ ഇരുപതോളം വാഹങ്ങൾക്കും പിഴയും ചുമത്തിയിരുന്നു. പിഴയടച്ച വാഹനങ്ങൾതന്നെ വീണ്ടും ഇതുപോലെ സർവീസ് നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ രാത്രികാല പരിശോധനയിൽ ഇരുപതോളം വ്യാജടാക്സികളും മതിയായ രേഖകളില്ലാത്തതും നിയമം അനുശാസിക്കാത്ത രീതിയിലുള്ള എക്സ്ട്രാ ഫിറ്റിങ്സ് അടങ്ങിയതുമായ മുപ്പതോളം വാഹനങ്ങൾക്കുമാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിധീഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കിഷോർ, രൂപേഷ് എന്നിവർ പങ്കെടുത്തു. പരാതിയുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് വരും ദിവസങ്ങളിൽ വീണ്ടും വാഹന പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.