നാടിനെ കണ്ണീരിലാഴ്ത്തിയ വിമാനത്തിന്റെ ചക്രം : ആനന്ദിന്റെ വിയോഗം വിശ്വസിക്കാനാകാതെ നാട്ടുകാരും വീട്ടുകാരും

കുറ്റിച്ചൽ : ആനന്ദിന്റെ അകാലത്തിലുള്ള വേർപാട് ഉൾക്കൊള്ളാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദ വിലാസത്തിൽ രാമചന്ദ്രന്റെയും രാജലക്ഷ്‌മിയുടെയും മകൻ കുവൈറ്റ് എയർവെയ്സിൽ ഗ്രൗണ്ട് ടെക്‌നീഷ്യനായ ആനന്ദാണ് കുവൈറ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ മുൻചക്രത്തിനടിയിൽപ്പെട്ട് മരിച്ചത്. എയർക്രാഫ്ട് മെയിന്റനൻസ് എൻജിനിയറായി പഠനം പൂർത്തിയാക്കിയ ആനന്ദ് കൊച്ചിയിൽ കിംഗ്ഫിഷർ എയർലൈൻസിൽ ജോലിനേടി. തുടർന്നാണ് കുവൈറ്റ് എയർവെയ്സിൽ ഗ്രൗണ്ട് ടെക്‌നീഷ്യനായത്. ഭാര്യ സോഫിനയും മൂന്ന് വയസുകാരി മകൾ നൈനികയും ആനന്ദിനൊപ്പമായിരുന്നു താമസം. നാല് വർഷം മുമ്പ് പൂവച്ചൽ കാപ്പിക്കാട്ട് സ്ഥലം വാങ്ങി വീടുവച്ചു. ഫാമിലി വിസയിൽ ഭാര്യയും മൂന്ന് വയസുകാരിയായ മകളും കുവൈറ്റിലെത്തിയതോടെ പുതിയ വീട്ടിൽ രക്ഷിതാക്കൾ താമസമാക്കി. നാട്ടിലെത്തുമ്പോഴെല്ലാം സാമൂഹ്യസേവന പ്രവർത്തനങ്ങളിലും ബ്ലഡ് ഡൊണേഷൻ ഫാറത്തിലും സജീവമായിരുന്നു ആനന്ദ്. ലീവിനെത്തിയ ശേഷം കഴിഞ്ഞ മാർച്ച് 19നാണ് ഇവർ തിരിച്ചുപോയത്. നാട്ടിലെ സുഹൃത്തുക്കളുമായി ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും സൗഹൃദം പങ്കുവയ്ക്കാൻ ആനന്ദ് എപ്പോഴും സമയം കണ്ടെത്തിയിരുന്നു. കുറ്റിച്ചലിലെയും പൂവച്ചലിലെയും നാട്ടുകാരോടും ആനന്ദിന് വലിയ സ്‌നേഹമായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് മൂന്നിന് കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ നാലിലെ പാർക്കിംഗ് ഏരിയയിലേക്ക് കുവൈറ്റ് എയർവെയ്സിന്റെ ബോയിംഗ് 777 – 300 ഇ.ആർ വിമാനം മാറ്റുന്നതിനിടെയായിരുന്നു അപകടം. ടാക്‌സി വേയിൽ പാർക്കിംഗ് ബേയിലേക്ക് വിമാനം കെട്ടിവലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നിയന്ത്രണംതെറ്റി ആനന്ദ് വിമാനത്തിന്റെ മുൻ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രാവിലെ പൂവച്ചൽ കാപ്പിക്കാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു . ഭാര്യയും മകളും ഒപ്പമുണ്ട്. സഹോദരൻ: അരവിന്ദ്.