ജൈവകൃഷി അത്ഭുതമാക്കിയ കർഷകൻ…

കോലിയക്കോട്: ജൈവകൃഷിയിൽ നൂറുമേനി നേട്ടവുമായി  കോലിയക്കോട് ചിറയിൽ കൈരളി അഗ്രി ഫാം. രണ്ടര ഏക്കർ ഭൂമിയിലാണ് അഗ്രി ഫാമും ജൈവകൃഷിത്തോട്ടവും പ്രവർത്തിക്കുന്നത്. കർഷകസംഘം കോലിയക്കോട് മേഖല ജോ.സെക്രട്ടറി അനിൽകുമാറിന്റെ ഉടമസ്ഥതയിൽ ഒരുവർഷം മുമ്പാണ് അഗ്രിഫാം ആരംഭിച്ചത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ പൂർണമായും ജൈവമായാണ‌് ഇവിടെ കൃഷി ചെയ്യുന്നത്. പ്ലാവ്, റമ്പൂട്ടാൻ എന്നിവയുടെ 6 വ്യത്യസ്ത ഇനങ്ങൾ ഇവിടെയുണ്ട‌്. ഇതിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.
പാല, കരിമുണ്ട, പന്നിയോർ1  ഇനങ്ങളിലുള്ള കുരുമുളകും അഗസ്തി മുരിങ്ങയുടെ 3 മാസം കൊണ്ട് പൂക്കുന്ന കുള്ളൻ റെഡും  ഇവിടെ സുലഭമാണ്. ഇതിനുപുറമേ ജൈവ പച്ചക്കറിത്തൈകളും ലഭിക്കും. ആവശ്യക്കാർക്ക് ഫാമിലെത്തി  ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ചീര, പയർ, വെണ്ട, പടവലം, പാവൽ, വാഴ, ചേന, ചേമ്പ്, ഇഞ്ചി എന്നിവയും അനിൽകുമാറിന്റെ ജൈവ കൃഷിത്തോട്ടത്തിലുണ്ട്. ഇതിനു പുറമെ മത്സ്യക്കൃഷിയും ഇവിടെ ചെയ്യുന്നു. 2 വർഷംകൊണ്ട് കായ്ക്കുന്ന വിയന്ന സൂപ്പർ ഏർളി ജാക്ക്, മുക്തി കോട്ടുകോണം വരിക്ക, 7 വർഷം കൊണ്ട് കായ്ക്കുന്ന മലാക്ക തെങ്ങുകളും ഈ ഫാമിലുണ്ട്. മാങ്കോസ്റ്റീൻ, പുലാസാൻ, ദുര്യാൻ ചെമ്പടാക്ക്, മിറാക്കിൾ ഫ്രൂട്ട്, കുടംപുളി, നെല്ലി, മാതളം എന്നിവയുടെ ശേഖരവുമുണ്ട്. കേശവദാസപുരം പിള്ളവീട് നഗറിലെ കൃഷിഭൂമി ജൈവകാർഷിക വിപണിയിലാണ് ഇവിടത്തെ ജൈവ പച്ചക്കറികൾ നൽകുന്നത്. ഭാര്യ സുചിത്രയും  പ്ല‌സ‌്‌ടു വിദ്യാർഥിനിയായ മകൾ സന്ധ്യയും ഒമ്പതാംക്ലാസുകാരനായ മകൻശ്രാവണും  എല്ലാ സഹായങ്ങളുമായി കൂടേയുണ്ടെന്ന് അനിൽകുമാർ പറയുന്നു.